സിനിമകൾ ഇന്നത്തെ കാലത്തിൻ്റെ പ്രതിഫലനമാകണമെന്ന് പൃഥ്വിരാജ്. പഴയ സിനിമകളുടെ ശൈലിയിലേക്ക് മടങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഗുരുവൂയൂരമ്പലനടയിൽ സിനിമയുടെ റിലീസിന് മുന്നോടിയായി യെസ് എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
പഴയ ലാലേട്ടൻ, 80-കളിലെ സിനിമകൾ അതെല്ലാം മടങ്ങി വരണമെന്നൊക്കെ ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. വ്യക്തിപരമായി ആ ആശയത്തോട് എനിക്ക് യോജിപ്പില്ല. ആ സിനിമകൾ അന്നത്തെ സാമൂഹിക – സാംസ്കാരിക പശ്ചാത്തലത്തിൽ പിറന്ന സിനിമകളാണ്. അവിടെ നിന്നും കാലമേറെ മാറി. ഈ കാലഘട്ടത്തിലെ സിനിമകൾ ഇപ്പോൾ ഇവിടെ ജീവിക്കുന്ന മനുഷ്യരെ അടയാളപ്പെടുത്തുന്നതാവണമെന്നും പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിയുടെ വാക്കുകൾ –
സിനിമകളുടെ കാര്യം മാത്രമല്ല നമ്മുടെ നടൻമാരെക്കുറിച്ചും ഇതൊക്കെ പറയാറുണ്ട്. പഴയ ലാലേട്ടൻ, പഴയ സിനിമകൾ എന്നൊക്കെയുള്ള പറച്ചിലുണ്ടോല്ലോ.. വ്യക്തിപരമായി എനിക്ക് അതിനോട് വിയോജിപ്പുണ്ട്. സിനിമ എപ്പോഴും വർത്തമാനകാലസമൂഹത്തിൻ്റെ പ്രതിഫലനമാണ്. അന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിലാണ് ആ സിനിമകൾ പിറന്നത്. അതെല്ലാം മാറി. ഇന്നത്തെ സിനിമകൾ ഈ കാലത്തെക്കുറിച്ച് വേണം പറയാൻ. ആ സിനിമകൾ നമ്മെ പ്രചോദിപ്പിക്കാം. എന്നാൽ അവയൊക്കെ ആവർത്തിക്കണം എന്നു പറയുന്നതിൽ എന്ത് കാര്യമാണ്.എൻ്റെ കാര്യത്തിൽ കരിയറിൻ്റെ തുടക്കകാലത്ത് ഞാൻ ചെയ്ത സിനിമയാണ് സിറ്റി ഓഫ് ഗോഡ്. പക്ഷേ അന്ന് ആ പടം തീയേറ്ററിൽ പരാജയമായിരുന്നു. പക്ഷേ എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് സിറ്റി ഓഫ് ഗോഡ്. അതെല്ലാം എന്നും സംഭവിക്കും.
ഒരു സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടെന്ന് വന്നാൽ അതിൻ്റെ ബിസിനസ് സ്കെയിൽ കൂടുതൽ വലുതാവും. ആ ബിസിനസ് സാധ്യതയാണ് പലപ്പോഴും ഒരു സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കാൻ കാരണമാകുന്നത്. ലൂസിഫർ ചെയ്യുമ്പോൾ തന്നെ അതിന് രണ്ട് തുടർഭാഗങ്ങൾ കൂടി വേണമെന്ന് എനിക്കും തിരക്കഥാകൃത്തായ മുരളീഗോപിക്കും അറിയാം. എന്നാൽ അന്നത് പരസ്യമായി പ്രഖ്യാപിക്കാൻ ഞങ്ങൾ തയ്യാറായില്ല. ആദ്യഭാഗം വർക്കായില്ലെങ്കിൽ പിന്നെ എന്തു കാര്യം എന്നാണ് ഞങ്ങൾ ചിന്തിച്ചത്. ലൂസിഫർ വിജയിച്ച ശേഷമാണ് രണ്ടാം ഭാഗത്തിൻ്റെ കാര്യം ഞങ്ങൾ പ്രഖ്യാപിച്ചത്. സത്യത്തിൽ പന്ത്രണ്ട് എപ്പിസോഡുള്ള ഒരു വെബ് സീരിയസായി വരെ ആദ്യ ഘട്ടത്തിൽ ലൂസിഫർ ഞങ്ങൾ പ്ലാൻ ചെയ്തത്. ഇപ്പോൾ ചില സിനിമകൾ രണ്ട് പാർട്ടായി ചെയ്തു തീർക്കേണ്ടി വരും. ബാഹുബലി പോലെയുള്ള സിനിമകൾ അതിന് ഉദാഹരണമാണ്. അതാവണം ഒരു സിനിമയ്ക്ക് പ്രചോദനം.