ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇനി ടി20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദിന ലോകകപ്പിന് മുൻപേ തന്നെ ഇക്കാര്യത്തിൽ രോഹിത് ശർമ സെലക്ടർമാരുമായും ബിസിസിഐയുമായും ചർച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
36 കാരനായ രോഹിത് ഇതുവരെ 148 ടി20 മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 140-ന് മേൽ സ്ട്രൈക്ക് റേറ്റോടെ 3853 റൺസ് നേടിയ രോഹിത്തിൻ്റെ പേരിൽ നാല് ടി20 സെഞ്ച്വറികളുമുണ്ട്. 2022-ലെ ടി20 ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായ ശേഷം രോഹിത് ശർമ ഇന്ത്യയ്ക്കായി ടി20 കളിച്ചിട്ടില്ല. രോഹിത്തിന് പകരം ഹർദിക്ക് പാണ്ഡ്യയാണ് കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ടി20 ടീമിനെ നയിക്കുന്നത്.
ക്യാപ്റ്റൻ സ്ഥാനത്ത് ഹർദിക് തന്നെ തുടർന്നേക്കുമെന്നും അടുത്ത വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുൻപായി ഐപിഎല്ലിൽ കഴിവ് തെളിയിച്ച യുവതാരങ്ങൾക്ക് ടി20 മത്സരങ്ങളിൽ പരമാവധി അവസരങ്ങൾ നൽകാനുമാണ് ബിസിസിഐയും സെലക്ടർമാരും ലക്ഷ്യമിടുന്നതെന്നുമാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
“ഇതൊരു പുതിയ കാര്യമല്ല. ഏകദിന ലോകകപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ ഒരു വർഷമായി രോഹിത് ടി20 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ഇക്കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ടി20-യിൽ നിന്നും മാറി നിൽക്കുക എന്നത് പൂർണമായും രോഹിത്തിൻ്റെ തീരുമാനമാണ്. ബോർഡിനോ സെലക്ടർമാർക്കോ ഇതിൽ റോളില്ല- ബിസിസിഐയിലെ ഉന്നതനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻമാരിലൊരാളായിട്ടാണ് രോഹിതിനെ പരിഗണിക്കുന്നത്. രോഹിത്ത് ടി20യിൽ നിന്നും പിൻവാങ്ങുമ്പോൾ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, റിതുരാജ് ഗെയ്ക്ക്വാദ് എന്നിവർ തമ്മിലാവും പകരം സ്ഥാനം ഉറപ്പിക്കാൻ മത്സരം. അതേസമയം യുവതാരങ്ങൾ ശോഭിച്ചില്ലെങ്കിൽ രോഹിതിനെ തിരികെ കൊണ്ടു വരാൻ ബിസിസിഐ സമ്മർദ്ദം ചെലുത്തിയേക്കും.
കരിയറിൻ്റെ അവസാനഘട്ടത്തിലേക്ക് എത്തുന്ന രോഹിത് ശർമ ടി20യിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിലൂടെ ജോലിഭാരം കുറയ്ക്കാനും കരിയറിലെ ശേഷിക്കുന്ന കാലയളവിൽ പരിക്ക് പറ്റുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ വർഷവും മൂന്ന് ഫോർമാറ്റുകളിലും കൂടാതെ രണ്ട് മാസം നീളുന്ന ഐപിഎല്ലും കളിക്കുന്നത് ഭാരിച്ച ജോലിയാണ്. അടുത്ത മാസം മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിൽ ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധ ഏകദിനത്തിലും ടെസ്റ്റിലും ഐപിഎല്ലിലും മാത്രമായി ചുരുക്കാനാണ് രോഹിത്തിൻ്റെ നീക്കം. നേരത്തെ രണ്ട് തവണ കൈവിട്ടു പോയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2025-ൽ സ്വന്തമാക്കിയെടുക്കുക എന്ന ലക്ഷ്യവും രോഹിത്തിനുണ്ട്.
2027-ൽ ദക്ഷിണാഫ്രിക്കയിൽ അടുത്ത ലോകകപ്പ് നടക്കുമ്പോൾ രോഹിത്തിന് നാൽപ്പതിനടുത്താവും പ്രായം. ഏകദിനത്തിൽ ഇനി വരാനുള്ള പ്രധാന ടൂർണ്മെന്റ് 2025-ലെ ചാംപ്യൻസ് ട്രോഫിയാണ്. പാക്കിസ്ഥാനിൽ നടക്കേണ്ട ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അടുത്ത ഒരു വർഷത്തിൽ ആകെ ആറ് ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യ കളിക്കുന്നത്.
അതേസമയം യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ മുതിർന്ന താരങ്ങൾക്ക് ബിസിസിഐ കൂടുതലായി വിശ്രമം അനുവദിച്ചേക്കാനും സാധ്യതയുണ്ട് എന്നാണ് സൂചന. ഇംഗ്ലണ്ട് ടെസ്റ്റിനിടെ ബുംറയെയും ഷമിയെയും മാറ്റി മാറ്റിയിറക്കാനാണ് സെലക്ടർമാരുടെ തീരുമാനം. അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയും സിറാജും ബുംമ്രയും ഒന്നിച്ചിറങ്ങും. പരിക്കിൽ നിന്നും മോചിതനായി ലോകകപ്പിന് തൊട്ടുമുൻപ് ടീമിലെത്തിയ ബുംമ്ര ഫിറ്റ്നസ് വീണ്ടെടുത്തുവെന്നും നിലവിലെ സാഹചര്യത്തിൽ അദ്ദേഹം ടി20 ലോകകപ്പിന് ഇറങ്ങുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.