അഹമ്മദാബാദ്: കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ സ്വപ്നങ്ങൾക്ക് മേൽ വീണ്ടും കണ്ണീർ… 2003-ലെ ഫൈനലിലെന്ന പോലെ ഓസീസിൽ നിന്നും കനത്ത പരാജയമേറ്റു വാങ്ങി ഇന്ത്യയുടെ ലോകകപ്പിലെ കുതിപ്പിന് അവസാനമായി. ഏഴ് വിക്കറ്റിൻ്റെ ആധികാരിക ജയത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ അഞ്ചാമത്തെ കിരീടനേട്ടം കൂടി സ്വന്തമാക്കി ആസ്ട്രേലിയ ചരിത്രം കുറിച്ചു.
വാംഖഡെയിലെ പിറന്ന ചരിത്രം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആവർത്തിക്കാമെന്നത് വെറും മോഹം മാത്രമായെന്ന ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയപ്പോൾ തന്നെ വ്യക്തമായിരുന്നു. ടൂർണ്മെൻ്റിൽ ഉടനീളം ബാറ്റിംഗിലും ബൌളിംഗിലും മിന്നും പ്രകടനം കാഴ്ച വച്ച ഇന്ത്യൻ ടീമിനെയല്ല ഫൈനൽ മത്സരത്തിൽ കണ്ടത്. മിന്നും തുടക്കം നൽകിയ രോഹിത് ശർമ പതിവ് ഫോം നിലനിർത്തിയെങ്കിലും പിന്നാലെ വന്നവരിൽ കെ.എൽ രാഹുലിനും കോഹ്ലിക്കും മാത്രമാണ് ഓസീസ് ബൌളിംഗ് നിരയക്ക് മുന്നിൽ പിടിച്ചു നിൽക്കാനായത്.
31 പന്തിൽ നാല് ഫോറും മൂന്നും സിക്സും സഹിതം 47 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ഓസീസ് ബൌളർമാരെ ശരിക്കും വേട്ടയാടി. ഇതോടെ ഫാസ്റ്റ് ബൌളർമാരെ പിൻവലിച്ച് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാക്സവെല്ലിനെ പന്തേൽപ്പിച്ചു. മാക്സിയെ തുടർച്ചയായി രണ്ട് ബൌണ്ടറി പറത്തിയ രോഹിത് അടുത്ത പന്തിൽ അലസമായി കളിച്ച് വിക്കറ്റ് കളഞ്ഞു. ഇതിനിടെ ഗിൽ (4) സ്റ്റാർക്കിന് വിക്കറ്റ് നൽകി മടങ്ങിയിരുന്നു.
63 പന്തിൽ 54 റണ്‍സുമായി കോഹ്ലി പോരാടി നോക്കി. രോഹിതിന് പിന്നാലെ ക്രിസീലെത്തിയ ശ്രേയസ് അയർ (4) അതിവേഗം മടങ്ങി. പിന്നാലെ എത്തിയ രാഹുലിനൊപ്പം ഇന്നിംഗ്സ് മുന്നോട്ട് നീക്കാൻ കോലി ശ്രമിച്ചെങ്കിലും കമ്മിൻസ് കോലിയെ വീഴ്ത്തി. 107 പന്തിൽ 66 റണ്‍സ് നേടിയ കെഎൽ രാഹുൽ ക്രിസീൽ നങ്കൂരമിട്ട് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും ഉറച്ച പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ജഡേജ (9), സൂര്യകുമാർ (18) എന്നിവരും അതിവേഗം മടങ്ങി. അൻപതാം ഓവറിലെ അവസാന പന്തിൽ കുൽദീപ് യാദവ് റണ്‍ഔട്ടായതോടെ ഈ ലോകകപ്പിൽ ഇതാദ്യമായി ഇന്ത്യ ഔൾഔട്ടായി.
241 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. അപകടകാരിയായ ഓപ്പണർ ഡേവിഡ് വാർണറെ (10) ഷമി കോഹ്ലിയുടെ കൈകളിൽ എത്തിച്ചു. പിന്നാലെ എത്തിയ മിച്ചൽ മാർഷിനെയും (15) സ്റ്റീവൻ സ്മിത്തിനേയും (4) ബുംമ്ര പുറത്താക്കി. എന്നാൽ അപ്പോഴും ക്രീസിലുണ്ടായിരുന്ന ഓപ്പണർ ട്രാവിസ് ഹെഡ് മാർനസ് ലബുഷെയേയും ചേർത്ത് ഇന്ത്യയെ വരുത്തിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. വിജയത്തിന് തൊട്ടരികെ പുറത്തായെങ്കിലും 137 റൺസോടെ ട്രാവിസ് ഹെഡ് അർഹിച്ച സെഞ്ച്വറി സ്വന്തമാക്കി. ഒടുവിൽ മാക്സ്വെൽ വിജയറൺ കുതിക്കുമ്പോൾ മറുവശത്ത് ലബുഷെ 58 റണ്ണുമായി അപരാജിതനായി തുടരുന്നുണ്ടായിരുന്നു.