കരിപ്പൂർ: എയർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ഇരകളായത് സാധാരണക്കാരായ യാത്രക്കാർ. കരിപ്പൂർ, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി നൂറുകണക്കിന് യാത്രക്കാരെ ഇന്നലെ അർധരാത്രി മുതൽ അനിശ്ചിതാവസ്ഥയിൽ നിൽക്കുന്നത്.
വിസാ കാലാവധി തീരുന്നവർ, രോഗികൾ, വിവാഹം, ജോലിയിൽ പ്രവേശിക്കൽ ഇങ്ങനെ പലതരം അടിയന്തര ആവശ്യങ്ങൾക്കായി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ എത്തിയവരാണ് ഇപ്പോൾ ബുദ്ധിമുട്ടിലായത്. പലർക്കും വെള്ളിയാഴ്ചയിലേക്കും ശനിയാഴ്ചയിലേക്കുമായി എയർഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും ഇന്നും നാളെയുമായി പല ആവശ്യങ്ങൾക്കുമായി അങ്ങോട്ട് പോകേണ്ടവർ ഇതിൽ എതിർപ്പ് ഉന്നയിക്കുകയാണ്.
കേരളത്തിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങൾ റദ്ദായതോടെ അവിടെ നിന്നും ഇങ്ങോട്ടുള്ള സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ നാട്ടിലേക്ക് പല അടിയന്തര ആവശ്യങ്ങൾക്കായി വരേണ്ട പ്രവാസികളും പ്രതിസന്ധിയിലായി. അടിയന്തര ആവശ്യമുള്ള പലരും കൂടിയ തുകയ്ക്ക് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തു. സമരം എപ്പോൾ തീരുമെന്നോ സർവ്വീസുകൾ എപ്പോൾ പുനരാരംഭിക്കാൻ സാധിക്കുമെന്നോ ആർക്കും അറിയില്ല. കേരളത്തിൽ നിന്നും വിനോദസഞ്ചാരത്തിനായി വാരണാസിയിലേക്ക് പോയ 25 പേർ വിമാനം ക്യാൻസാലയതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്.