തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും ഹസ്സൻ പരിഹസിച്ചു. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്ന് പറഞ്ഞ ഹസ്സൻ അനിലിന് കെട്ടിവച്ച കാശ് കിട്ടുമോ എന്ന കാര്യം കണ്ടറിയണമെന്നും ആഞ്ഞടിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പിന്തുടരുന്ന ബിജെപി പ്രവർത്തകർ ഒരിക്കലും അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസ്സൻ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല. ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുക. ആ തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവില്ലെന്നും മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ പതാകകൾ ഉപയോഗിക്കാമെന്നും ഹസൻ വ്യക്തമാക്കി.