ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തി സൗഹൃദ മത്സരത്തില്‍ പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. മലപ്പുറത്ത് പുതുതായി നിര്‍മിക്കുന്ന സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരമായി സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
2025 ഒക്ടോബറില്‍ ആയിരിക്കും ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റീന ടീം കേരളത്തിലെത്തുക. ഈ വര്‍ഷം ജൂണില്‍ എത്താന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രതികൂലമായ കാലാവസ്ഥ ചൂണ്ടിക്കാണിച്ചാണ് അടുത്ത വര്‍ഷം എത്തുമെന്ന് അറിയിച്ചത്.
ഇന്ത്യന്‍ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും ചര്‍ച്ചയായിട്ടുണ്ട്. അര്‍ജന്റീനയുമായി ദീര്‍ഘകാലത്തെ കരാറില്‍ ഒപ്പിടാനും തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കാനുള്ള സന്നദ്ധതയും അര്‍ജന്റീന അറിയിച്ചു.