തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം 99.70 ശതമാനത്തോടെ റെക്കോഡ് വിജയമാണ് എസ്.എസ്.എൽ.സിയിലുണ്ടായത്.
ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഫലപ്രഖ്യാപനം വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാവും പ്രഖ്യാപിക്കുക. 4,41,120 പേർ ഹയർസെക്കൻഡറിയിലും 29,300 പേർ വൊക്കേഷനൽ ഹയർസെക്കൻഡറിയിലും പരീക്ഷയെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്ലസ് ടുവിന് 82.95 ശതമാനവും വി.എച്ച്.എസ്.ഇക്ക് 78.39 ശതമാനവും വിജയമുണ്ടായിരുന്നു.
പ്രഖ്യാപനശേഷം വൈകീട്ട് നാലു മുതൽ പി.ആർ.ഡിയുടെ PRD LIVE മൊബൈൽ ആപ്പിലും വെബ്സൈറ്റിലും ഫലം ലഭ്യമാകും.