തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചത്. 99. 69 ആണ് ഈ വർഷത്തെ വിജയശതമാനം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ വർധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ വർഷം 71831 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത്.
മലപ്പുറത്ത് 4934 പേർ ഫുൾ എ പ്ലസ് നേട്ടം സ്വന്തമാക്കി. പാല വിദ്യാഭ്യാസ ജില്ലയിൽ നൂറ് ശതമാനമാണ് വിജയം. 892 സർക്കാർ സ്കൂളുകളിലും നൂറ് ശതമാനം വിജയം രേഖപ്പെടുത്തി. മെയ് 28 മുതൽ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.
https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.