ദില്ലി: ജീവനക്കാർ മിന്നൽ സമരം പ്രഖ്യാപിച്ചതോടെ എയർഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ കൂട്ടത്തോടെ റദ്ദായി. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെയായി 86 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദായതായിട്ടാണ് ഔദ്യോഗിക വിവരം. വരും മണിക്കൂറുകളിലും സർവ്വീസുകൾ റദ്ദാവുന്നത് തുടരാനാണ് സാധ്യത.
300 ഓളം സീനിയർ ക്യാബിൻ ക്രൂ അംഗങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിച്ചതോടെയാണ് സർവ്വീസുകൾ മുടങ്ങിയത്. അവധിയിൽ പോയ ജീവനക്കാരെല്ലാം ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ ഇവരെ ബന്ധപ്പെടാനും കമ്പനിക്ക് സാധിക്കുന്നില്ല. കേരളത്തിൽ നിന്നും യുഎഇയിലേക്കും മറ്റു രാജ്യങ്ങളിലേക്കും വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർഇന്ത്യയിൽ നടപ്പാക്കി വരുന്ന പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം എന്നാണ് പുറത്തു വരുന്ന വിവരം. പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ബന്ധപ്പെടാൻ എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ്ശ്രമിക്കുകയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഫുൾ റീഫണ്ട് നൽകുമെന്നും മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റി റീഷെഡ്യൂൾ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.
എയർഇന്ത്യ ഏറ്റെടുത്ത ടാറ്റാഗ്രൂപ്പ് കമ്പനിയിൽ സമ്പൂർണ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുകയാണ്. എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്സ്, വിസ്താര എയർലൈൻസ്, എയർഏഷ്യ എന്നീ വിമാനക്കമ്പനികൾ ലയിപ്പിച്ച് മുന്നോട്ട് പോകാനാണ് ടാറ്റാ ഗ്രൂപ്പിൻ്റെ പദ്ധതി. ഇതിനായി ജീവനക്കാരുടെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും ഏകീകരണം നടപ്പാക്കി വരികയാണ്. ജീവനക്കാരെ പുനക്രമീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പുതിയ പരിഷ്കാരങ്ങളിൽ ജീവനക്കാർക്കെല്ലാം കടുത്ത അമർഷവും അതൃപ്തിയും ഉണ്ട്. പല ജീവനക്കാർക്കും ലയന നടപടികൾ ആരംഭിച്ചതോടെ കുറഞ്ഞ തസ്തികകളിലേക്ക് നിയമനം ലഭിച്ചെന്ന് ജീവനക്കാർ പറയുന്നു. ഇൻ്റർവ്യൂ കഴിഞ്ഞിട്ടും ചില ഉദ്യോഗസ്ഥർക്ക് താഴ്ന്ന ജോലികൾ വാഗ്ദാനം ചെയ്തതായി അവർ പരാതിപ്പെടുന്നു. ഒരു മാസം മുൻപാണ് വിസ്താര എയർലൈൻസിലെ പൈലറ്റുമാർ സമാനമായ പരാതിയുമായി മിന്നൽ പണിമുടക്ക് നടത്തിയത്.
കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ
08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM – കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്റൈൻ
5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്റൈൻ
9-50 PM ജിദ്ദ