ലണ്ടൻ: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫിൽഡിന് സമീപമുള്ള ക്രോഫ്റ്റണിൽ താമസിക്കുന്ന രാജീവ് സദാശിവനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 52 വയസ്സായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് രാജീവ് സദാശിവൻ.
ക്രോഫ്റ്റണിൽ ശ്രീലങ്കൻ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു രാജീവ്. ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥി വിസയിൽ എത്തിയ രാജീവ് ജോലി ചെയ്തു കൊണ്ടിരുന്ന സൂപ്പർമാർക്കറ്റിന് സമീപത്തായിരുന്നു താമസിച്ചിരുന്നത്. ഡിസംബർ 31-ന് വൈകിട്ടോടെ സ്ഥാപനത്തിൽ രാജീവ് ജോലിക്ക് എത്താതിരുന്നതോടെ അന്വേഷിച്ച് എത്തിയ സഹപ്രവർത്തകരും സ്ഥാപന ഉടമകളുമാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.