‘മഹാനടി’, ‘സീതാരാമം’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാപ്രേക്ഷകർക്കിടയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാൻ്റെ പുതിയ ചിത്രം ലക്കി ഭാസ്കറിൻ്റെ ടീസറിനും മികച്ച പ്രതികരണം. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ടീസർ ഇന്നലെയാണ് പുറത്തിറങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ ടീസർ യൂട്യൂബിൽ ട്രെൻഡിംഗായി. ബഹുഭാഷാ ചിത്രമായിട്ടാണ് ലക്കി ഭാസ്കർ ഒരുങ്ങുന്നത്. ‘ലക്കി ഭാസ്കറിൽ ദുൽഖർ ഒരു ബാങ്ക് കാഷ്യറുടെ വേഷമാണ് ചെയ്യുന്നത്. ഈദ് ആഘോഷങ്ങൾക്കിടെയാണ് ലക്കി ഭാസ്കർ ട്രെയിലർ നിർമ്മാതാക്കൾ പുറത്തു വിട്ടത്.
“ഒരു ഇടത്തരക്കാരന് പിശുക്കി ജീവിച്ച് തൻ്റെ സമ്പാദ്യം വർദ്ധിപ്പിക്കാനും സാഹചര്യം ആവശ്യപ്പെട്ടാൽ വലിയ തുക ചെലവഴിക്കാനും കഴിയും” എന്ന ഭാസ്കറിന്റെ ഡയലോഗാണ് ടീസറിൽ പ്രധാനമായും ഉള്ളത്. എന്തുകൊണ്ടാണ് ഭാസ്കറിനെ ചോദ്യം ചെയ്യുന്നത് ? അവൻ എങ്ങനെയാണ് ഇത്രയും വലിയ പണം സമ്പാദിച്ചത് ? തുടങ്ങിയ ചോദ്യങ്ങളാണ് ടീസറിലൂടെ പ്രേക്ഷകരിൽ കൗതുകമുണർത്തുന്നത്.
എഴുത്തുകാരനും സംവിധായകനുമായ വെങ്കി അറ്റ്ലൂരിയുടെ മുൻ ചിത്രമായ ‘വാത്തി’ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്നർ എന്ന നിലയിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ദുൽഖറിനൊപ്പം നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. അടുത്തിടെ മഹേഷ് ബാബു നായകനായ ‘ഗുണ്ടൂർ കാരം’ത്തിൽ ഇവർ അഭിനയിച്ചിരുന്നു.
സിത്താര എൻ്റർടൈൻമെൻ്റ്സിൻ്റെയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ലക്കി ബാസ്ഖറിന് ഛായാഗ്രാഹകൻ നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, എഡിറ്റർ നവിൻ നൂലി എന്നിങ്ങനെയുള്ള ഒരു മികച്ച സാങ്കേതിക സംഘം അണിയറയിലുണ്ട്.
ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ലോകമെമ്പാടും തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ‘ലക്കി ഭാസ്കർ’ റിലീസ് ചെയ്യും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തും. പിആർഒ: ശബരി.