മുംബൈ: തൃശ്ശൂർ സ്വദേശിയായ മാനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ളൈ 91 വിമാനക്കമ്പനിക്ക് ഡിജിസിഎ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി. ഇതോടെ ഫ്ളൈ 91-ന് വാണിജ്യ വിമാന സർവ്വീസുകൾ നടത്താനാവും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കമ്പനിക്ക് കേന്ദ്രവ്യോമയാനമന്ത്രാലയത്തിൻ്റെ എൻ.ഒ.സി ലഭിച്ചത്.
ആദ്യഘട്ടത്തിൽ ലക്ഷദ്വീപ് അടക്കം വിവിധ മേഖലകളിലേക്ക് കമ്പനി സർവ്വീസ് നടത്തും എന്നാണ് വിവരം. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, അഗത്തി, സുന്ധുദുർഗ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാവും കമ്പനി ആദ്യഘട്ട സർവ്വീസ് നടത്തുക. ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ചാവും കമ്പനിയുടെ പ്രവർത്തനം.
ഫ്രഞ്ച് – ഇറ്റാലിയൻ വിമാനക്കമ്പനിയായ എടിആർ – 72 -600 വിമാനം പാട്ടത്തിനെടുത്ത് മാർച്ച് രണ്ടിന് ഗോവയിൽ നിന്നും ബെംഗളൂരുവിലേക്ക് ഫ്ളൈ 91 കന്നിസർവ്വീസ് നടത്തിയിരുന്നു. ഓരോ വർഷവും ആറു മുതൽ എട്ട് വരെ ആർടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവ്വീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി. ഏഴുപത് യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ വിമാനം.
കിംഗ് ഫിഷർ എയർലൈൻസ്, എമിറേറ്റ്സ് എയർലൈൻസ് എന്നീ സ്ഥാപനങ്ങളിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള മാനോജ് ചാക്കോ വ്യവസായിയായ ഹർഷ രാഘവനുമായി ചേർന്ന് സ്ഥാപിച്ച ഉഡോ എവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് ഫ്ളൈ 91 സർവവ്വീസ് നടത്തുന്നത്.ഇന്ത്യൻ ടെലിഫോണ് കോഡായ +91-ൽ നിന്നാണ് 91എയർലൈൻ എന്ന് പേരുണ്ടായത്. കൺവർജൻസ് ഫിനാൻസാണ് കമ്പനിയുടെ പ്രധാന നിക്ഷേപകർ. 200 കോടിയുടെ പ്രാഥമിക മൂലധനത്തിലാണ് സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നത്. 55 മുതൽ 90 മിനിറ്റ് വരെ ദൈർഘ്യമുള്ള യാത്രകളാവും ഈ ചെറുവിമാനത്തിൽ ആദ്യഘട്ടത്തിൽ ഫ്ളൈ 91 നടത്തുക.
The wait is finally over!
4yrs of hard work & dedication by FLY91 team has paid off. We are proud to have received air operating certificate from @DGCAIndia
We thank Hon’ble Minister @JM_Scindia; @MoCA_GoI & DGCA for believing in our vision & supporting us through this journey. pic.twitter.com/saNDN6tr60
— fly91.in (@fly91_IN) March 6, 2024