ഡൽഹി: മൻമോഹൻസിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്ന എൻസിപിയുടെ മുൻനേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ. എയർഇന്ത്യയ്ക്കായി വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതി നടന്ന കേസാണ് തെളിവില്ലെന്ന് കണ്ടെത്തി സിബിഐ ഇപ്പോൾ അവസാനിപ്പിക്കുന്നത്.
സുപ്രീംകോടതി നിർദേശ പ്രകാരം തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേയുള്ള സിബിഐ നടപടി ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്.
2017 മേയിലാണ് സുപ്രീംകോടതി എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തതിൽ അഴിമതിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യോമയാന വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലും കേസിൽ പ്രതിയായിരുന്നു. കഴിഞ്ഞ 7 വർഷമായി കേസിൽ അന്വേഷണം നടക്കുകയായിരുന്നു. എൻസിപി നേതാവായിരുന്ന പ്രഫുൽ പട്ടേൽ ശരദ് പവാറിൻ്റെ വിശ്വസ്തനായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എൻസിപിയിലുണ്ടായ പിളർപ്പിന് പിന്നാലെ അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ പ്രഫുൽ പട്ടേൽ എൻഡിഎയിലെത്തി. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഴിമതി കേസ് സിബിഐ പൂട്ടിക്കെട്ടുന്നത്.