വിഷു റീലിസായി തീയേറ്ററുകളിലെത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം തീയേറ്ററുകളിൽ കുതിപ്പ് തുടരുന്നു. വിഷുവിന് റിലീസായ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും പണം വാരി പടമായി മാറിയ ആവേശത്തിന് പിന്നീട് റിലീസായ പവി കെയർടേക്കർ, മലയാളി ഫ്രം ഇന്ത്യ, നടികർ എന്നീ ചിത്രങ്ങളൊന്നും തന്നെ വെല്ലുവിളിയായില്ല.
കഴിഞ്ഞ ദിവസവും നിറഞ്ഞ സദസ്സിലോടിയ ചിത്രം ഗ്ലോബൽ ബോക്സ് ഓഫീസിൽ 150 കോടി ക്ലബിൽ ഇടം നേടി എന്നാണ് ഒടുവിൽ പുറത്തു വരുന്ന വാർത്ത. ഒരു വർഷത്തിനിടെ 150 കോടി ക്ലബിലെത്തുന്ന നാലാമത്തെ മലയാള ചിത്രമാണ് ആവേശം. ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, 2018 എന്നീ സിനിമകളാണ് നേരത്തെ ഇതേ നേട്ടം സ്വന്തമാക്കിയത്.
കേരള ബോക്സ് ഓഫീസിലെ കളക്ഷൻ കണക്കുകളിൽ ബാഹുബലി 2, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളേയും ആവേശം മറികടന്നു. നിലവിൽ 2018, പുലിമുരുകൻ, ആടുജീവിതം എന്നീ ചിത്രങ്ങൾക്ക് ശേഷം നാലാം സ്ഥാനത്താണ് ആവേശമുള്ളത്.
അതേസമയം ചിത്രം ഈ മാസം തന്നെ ഒടിടി റിലീസ് ചെയ്തേക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മെയ് ഒൻപതിന് ആമസോണ് പ്രൈമിൽ ആവേശം സംപ്രേക്ഷണം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അങ്ങനെയെങ്കിൽ റിലീസായി 28-ാം ദിവസം തന്നെ ആവേശം പ്രേക്ഷകർക്ക് ഒടിടിയിൽ കാണാനാവും.
അന്യഭാഷകളിൽ പല പ്രമുഖതാരങ്ങളും ഇതിനോടകം ആവേശം കണ്ട് മികച്ച അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനിടെ മറ്റു ഭാഷകളിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ ചിത്രത്തിൻ്റെ റീമേക്ക് റൈറ്റ്സിനായി രംഗത്തുണ്ട് എന്നാണ് സൂചന. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ പല പ്രമുഖ അന്യഭാഷ നടൻമാരുടേയും ഫാൻ ഗ്രൂപ്പുകളിൽ റീമേക്കിനായി ആവശ്യം ഉയർന്നിരുന്നു.