കേരളത്തിലെ ഏറ്റവും വലിയ കാരുണ്യസംഘടനയായ പത്തനാപുരം ഗാന്ധിഭവനിൽ നിന്നുള്ള അമ്മമാരുടെ ദുബായ് സന്ദർശനം തുടരുന്നു. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവൻ്റെ നേതൃത്വത്തിൽ മെയ് ഒന്നിനാണ് പത്തനാപുരം ഗാന്ധിഭവനിലെ ഏഴ് അമ്മമാരും ശാരീരിക വെല്ലുവിളി നേരിടുന്ന ഡാലിമോളും മകളും അടങ്ങിയ സംഘം യുഎഇയിൽ എത്തുന്നത്.
ഉറ്റവർ തള്ളിപ്പറഞ്ഞതോടെ പെരുവഴിയിലായ പല അമ്മമാർക്കും ഒടുവിൽ ആശ്രയമാവുന്നത് പത്തനാപുരം ഗാന്ധിഭവനാണ്. ഉടുതുണി മാത്രമായി വീടും കുടുംബവും ഉപേക്ഷിച്ച് ഗാന്ധിഭവനിലേക്ക് എത്തിയവരും പൊലീസ് ഏറ്റെടുത്ത് എത്തിച്ചവരുമാണ് ഇവിടുത്തെ അമ്മമാരിൽ ഭൂരിപക്ഷവും. ഇവരിൽ നിന്നും തെരഞ്ഞെടുത്തവരെയാണ് എഡിറ്റോറിയൽ മലയാളിയുടെ രണ്ടാം വീടായ ദുബായിലേക്ക് അമ്മയോടൊപ്പം പരിപാടിയുടെ ഭാഗമായി കൊണ്ടു വന്നത്.
അമ്മയോടൊപ്പം 2023 എഡിഷനിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാരായ പ്രവാസികളുടെ അമ്മമാരെയായിരുന്നു ദുബായിലേക്ക് കൊണ്ടു വന്നത്. എന്നാൽ രണ്ടാമത്തെ എഡിഷനിൽ ജനിപ്പിച്ച മക്കൾ കൈയൊഴിഞ്ഞ അമ്മമാരാണ് അതിഥികളായി എത്തിയത്. ഗാന്ധിഭവനിലെ നൂറുകണക്കിന് അമ്മമാരിൽ നിന്നും പാസ്പോർട്ട് എടുക്കാനുള്ള അടിസ്ഥാന രേഖകളുള്ളവരും ആരോഗ്യം അനുവദിക്കുന്നവരുമായ അമ്മമാരാണ് എഡിറ്റോറിയൽ ടീമിനൊപ്പം മെയ് ഒന്നിന് പുലർച്ചെ ഷാർജാ വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. ദുരിതപൂർണമായൊരു ജീവിതത്തിൻ്റെ സായാഹ്നഘട്ടത്തിൽ ഇങ്ങനെയൊരു യാത്ര ഇവരുടെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു.
പതിനാറ് വർഷമായി ഗാന്ധിഭവനിൽ കഴിയുന്ന അമ്മയടക്കം ഈ സംഘത്തിലുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ ഈ ദിവസങ്ങളിൽ അമ്മമാർ സഞ്ചരിക്കും. മലയാളിയുടെ കൂടെ വിയർപ്പിൽ കെട്ടിഉയർത്തിയ ദുബായുടെ വിസ്മയക്കാഴ്ചകൾ അമ്മമാർ നേരിൽ കാണും. ഇതിനോടകം ബുർജ് ദുബായ് കണ്ട അമ്മമാർ. അത്യാഡംബര വാഹനമായ ലിമോസിനിൽ ഒരു സിറ്റി ടൂറും നടത്തി കഴിഞ്ഞു.
മെയ് നാല് ശനിയാഴ്ച വൈകിട്ട് മൂന്നര മുതൽ ആറ് മണി വരെ അജ്മാനിലെ ക്രൌൺ പാലസിൽ വച്ച് അമ്മമാരും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽരാജും അടങ്ങുന്ന അതിഥികൾ പ്രവാസി സുഹൃത്തുകളെ നേരിൽ കാണും. എഡിറ്റോറിയൽ ചീഫ് എഡിറ്റർ അരുൺ രാഘവൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ പ്രവാസി സുഹൃത്തുകളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.