ദുബായ്: ദുബായിലെ സർക്കാർ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനികർ, സർക്കാർ സാമൂഹിക ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ എന്നിവർക്ക് ഏപ്രിൽ മാസത്തെ ശമ്പളവും പെൻഷനും നേരത്തേ വിതരണം ചെയ്യാൻ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു.
ചൊവ്വാഴ്ച തന്നെ എല്ലാവർക്കും ശമ്പളവും പെൻഷനും നൽകാനാണ് ദുബായ് കിരീടാവകാശിയുടെ നിർദേശം. കനത്ത മഴ മൂലമുണ്ടായ പ്രളയം പ്രവാസികളേയും സ്വദേശികളേയും ഒരേ പോലെ ബാധിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ ശമ്പളം നൽകാനുള്ള തീരുമാനം ഉദ്യോഗസ്ഥർക്ക് ആശ്വാസമാവും.
രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ കാലാവസ്ഥയ്ക്കിടയിലും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകാനുള്ള കിരീടാവകാശിയുടെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.