ദുബായ്: ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബര്‍ദുബായില്‍ റോഡില്‍ കുഴഞ്ഞ് വീണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവതി മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്തിരുന്ന നേഹ പദ്മയാണ് മരിച്ചത്. 42 വയസായിരുന്നു.
അവധി ദിവസമായതിനാല്‍ ബര്‍ദുബായില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു നേഹ. ഭര്‍ത്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ റോഡില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. നേഹ വീഴുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്.
നേഹയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദായാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മാഫ് ഫയര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പത്ത് വര്‍ഷത്തിലേറെയായി നേഹ മാഫ് ഫയറില്‍ ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ഷാര്‍ജയിലാണ് താമസിച്ചിരുന്നത്. ാെനന്നായി മാലയാളവും കൈകാര്യം ചെയ്യുന്ന നേഹയ്ക്ക് നിരവധി മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഭര്‍ത്താവ് പുതി സൂര്യ ക്വാര്ട്ട്ലിയന് ടവര്ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകന് പുതി ആദിത്യ പഠനത്തിനായി അമേരിക്കയിലാണ്. മകള്‍ മിഹിത ഇന്ത്യയിലാണ്.
റാഷിദ് ആശുപത്രിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.