മംഗളൂരു: കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടാനുള്ള നിർദ്ദേശത്തിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
നിലവിൽ രാവിലെ ഏഴ് മണിക്ക് കാസർകോട് നിന്നും പുറപ്പെട്ട് വൈകിട്ട് 03.05-ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വന്ദേഭാരതാണ് മംഗലാപുരത്തേക്ക് നീട്ടുന്നത്. ബുധനാഴ്ച ഒഴികെയുള്ള ആഴ്ചയിലെ ആറ് ദിവസങ്ങളിലും രാവിലെ 6.15-ന് മംഗളൂരുവിൽ നിന്നും ട്രെയിൻ പുറപ്പെടുന്ന രീതിയിലാണ് പുതിയ ടൈംബേിൾ വന്നിരിക്കുന്നത്. 06.57-ന് കാസർകോട് എത്തി മൂന്ന് മിനിറ്റ് സ്റ്റോപ്പിന് ശേഷം ഏഴ് മണിയോടെ ട്രെയിൻ പുറപ്പെടും. നിലവിൽ ഏഴ് മണിക്കാണ് കാസർകോട് വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്നത്. ബാക്കി എല്ലാ സ്റ്റേഷനുകളിലും ഇതേസമയം ട്രെയിൻ പാലിക്കും.
മടക്ക യാത്രയിൽ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 20632) തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെട്ട് ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും പുലർച്ചെ 12.40 ന് മംഗളൂരുവിലെത്തും. യാത്രയിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് മെയിൻ, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.
ദക്ഷിണ റെയിൽവേയ്ക്കും ദക്ഷിണ – പശ്ചിമ റെയിൽവേയ്ക്കും ഇതു സംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രാലയം നൽകിയിട്ടുണ്ട്. മംഗലാപുരത്ത് നിന്നുള്ള സർവ്വീസ് ആരംഭിക്കുന്നതിൽ പാലക്കാട് ഡിവിഷനാണ് ഇനി തീരുമാനമെടുക്കേണ്ടത്. ട്രെയിനിൻ്റെ മെയിൻ്റനൻസ് ജോലികൾ മംഗളൂരുവിൽ പ്രത്യേക വന്ദേഭാരത് പിറ്റ് ലൈനിൽ വച്ചാവും നടക്കുക. ദക്ഷിണ കന്നഡ എംപിയും ബിജെപി നേതാവുമായ നളിൻ കുമാർ കട്ടീൽ നേരത്തെ തന്നെ വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അഭ്യർത്ഥിച്ചിരുന്നു. തീരുമാനം നടപ്പാക്കിയതിന് മന്ത്രിയോട് നന്ദി പറയുന്നതായി നളിൻ കുമാർ കട്ടീൽ പറഞ്ഞു.