സാമൂഹികമോ സാമ്പത്തികമോ ആയി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹവേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023-ൽ എഡിറ്റോറിയൽ മാംഗല്യം എന്ന സമൂഹവിവാഹ ചടങ്ങിന് തുടക്കമിട്ടത്. കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെൻ്ററിൽ വച്ചു നടന്ന ആ വിവാഹചടങ്ങിൽ 11 യുവമിഥുനങ്ങളാണ് പുതുജീവിതത്തിലേക്ക് കടന്നത്. ഇതോടൊപ്പം പാവപ്പെട്ട ഒൻപത് പ്രവാസികളുടെ മക്കൾക്ക് വിവാഹത്തിനുള്ള ധനസഹായവും കൈമാറി.
എഡിറ്റോറിയൽ വിജയകരമായി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ മാംഗല്യം രണ്ടാം എഡിഷനും ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പത്ത് പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ പത്ത് പെൺകുട്ടികൾക്കുമുള്ള വിവാഹവേദിയാണ് മാംഗല്യം രണ്ടാം എഡിഷൻ ഒരുക്കുന്നത്. അപേക്ഷകരിൽ നിന്നും ജൂറിയുടെ സൂഷ്മപരിശോധനയ്ക്ക് ശേഷം ഏറ്റവും അർഹരായ കുടുംബങ്ങളിൽ നിന്നുള്ളവരാവും മാംഗല്യം വേദിയിലെത്തുക. ഞങ്ങളുടെ എല്ലാ ദൗത്യങ്ങൾക്കും പിന്തുണയേകിയ പ്രേക്ഷകർ മാംഗല്യം 2024 എഡിഷനും കരുത്തായി കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.