ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണം മറ്റൊരു മഹായുദ്ധത്തിലേക്ക് വഴി തുറക്കുമോ എന്ന ആശങ്കയിലാണ് ലോകം. സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഏപ്രിൽ 14 ന് ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

ഇസ്രയേൽ – ഹമാസ് സംഘർഷം സൃഷ്ടിച്ച അസ്വസ്ഥതകളിൽ നീറുന്ന പശ്ചിമേഷ്യയ്ക്ക് പുതിയ ഇറാൻ – ഇസ്രയേൽ യുദ്ധം കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. ഗാസ മുനമ്പിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള തുടങ്ങിയ സംഘടനകളെ ഇറാൻ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രയേൽ വളരെ മുൻപേ തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ ഇറാൻ തള്ളുകയാണ് ചെയ്തത്.
എന്നാൽ 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തോടെ ചിത്രം മാറി. പല്സ്തീനിൽ പ്രവേശിച്ച് ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ ആയിരങ്ങളാണ് മരണപ്പെട്ടത്. ലക്ഷണക്കിന് പേർ അഭയാർത്ഥികളായി മാറി. പലസ്തീന് മേൽ ഇസ്രയേലിൻ്റെ സമ്പൂർണ ആധിപത്യമാണ് കണ്ടതെങ്കിലും ഇറാനും ഇസ്രയേലും തമ്മിലുള്ള പോര് തുല്യശക്തികളുടെ ഏറ്റുമുട്ടലായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. പലസ്തീൻ അധിനിവേശത്തിന് ഇസ്രയേലിന് പൂർണപിന്തുണ നൽകുന്ന അമേരിക്ക ഇറാൻ്റെ കാര്യത്തിൽ മൗനം പാലിക്കുന്നതും ശ്രദ്ധേയം.
പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ സൈന്യമാണ് ഇറാൻ്റേത്. 5.80 ലക്ഷം സൈനികരെ കൂടാതെ സൈനിക പരിശീലനം നേടിയ രണ്ട് ലക്ഷത്തോളം പേരുടെ റിസർവ് ആർമിയും ഇറാനുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) ഇറാൻ പ്രതിരോധസേനകളിലെ നിർണായക വിഭാഗമാണ്. ആഭ്യന്തര സുരക്ഷ, അതിർത്തി സുരക്ഷ, നിയമപാലനം, ഇറാൻ മിസൈലുകളുടെ സംരക്ഷണം എന്നിവ ഒന്നേകാൽ ലക്ഷം അംഗങ്ങളുള്ള റെവല്യൂണറി ഗാർഡ്സിൻ്റെ ഉത്തരവാദിത്തമാണ്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ, സിറിയയിലെയും ഇറാഖിലെയും വിതമ സൈനിക വിഭാഗങ്ങൾ എന്നിവർക്കെല്ലാം ആയുധങ്ങളും സൈനിക പരീശിലനവുംനൽകുന്നത് റെവല്യൂണറി ഗാർഡുകളാണ് എന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
സൈനികശേഷിയിലേക്ക് വന്നാൽ നിരവധി സ്പീഡ് ബോട്ടുകളും അന്തർവാഹിനികളും ഇറാനുണ്ട്. ഇതുവഴി പേർഷ്യൻ കടലിലൂടേയും ഹോർമുസ് കടലിലുടക്കിലൂടെയും സൈനിക നീക്കം നടത്താൻ ഇറാനാവും. ആഗോള ചരക്കുഗതാഗതത്തിൽ വളരെ പ്രധാനപ്പെട്ട പേർഷ്യൻ കടൽ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാന് അധികം സമയം വേണ്ടെന്ന് ചുരുക്കം.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും ഇറാൻ്റേതാണ്. 2000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകൾ അവർക്കുണ്ട്. ക്രൂയിസ് മിസൈലുകളുടേയും കപ്പൽ വേധ മിസൈലുകളുടേയും ശേഖരം വേറെ. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഉപരോധത്തെ മറികടക്കാൻ ആഭ്യന്തര മേഖലയിൽ തന്നെ പ്രതിരോധ ഉദ്പാദനം ശക്തിപ്പെടുത്താൻ ഇറാന് സാധിച്ചിരുന്നു. ഇങ്ങനെ സ്വന്തം നിലയിൽ വൻതോതിൽ മിസൈലുകളും ഡ്രോണുകളും ഇറാൻ നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ്റെ സൈനിക ബജറ്റ് 10 ബില്യൺ ഡോളറിൻ്റേതാണെങ്കിൽ 24.4 ബില്യൺ ഡോളറിൻ്റെ സൈനിക ബജറ്റാണ് ഇസ്രയേലിനുള്ളത്. എന്നാൽ ഏത് ഘട്ടത്തിലും യുദ്ധസജ്ജരായ ഇറാൻ സൈന്യത്തെ ഇസ്രയേലിന് ഭയമുണ്ട്. ഇറാൻ പോരാടാൻ ഇറങ്ങിയാൽ കൂടെ ഹമാസും ഹിസ്ബുള്ളയും അടക്കമുള്ള ഗ്രൂപ്പുകളും കൂടെ നിൽക്കും എന്നതും ഇസ്രയേൽ ഗൗരവത്തോടെ കാണുന്നു.
പശ്ചിമേഷ്യയിൽ ഇസ്രയേലിനെ നിർണായക ശക്തിയാക്കി നിർത്തിയത് അമേരിക്കയുടെ പിന്തുണയാണ്. ഇറാനിലെ റെവല്യൂണഷറി ഗാർഡുകളെ നേരത്തെ തന്നെ അമേരിക്ക തീവ്രവാദ സംഘടനയാക്കി പ്രഖ്യാപിച്ചിരുന്നു. ഇറാന് മേൽ പലതരത്തിലുള്ള ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഇസ്രയേലിനെതിരെ ഇപ്പോൾ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മിതത്വം പാലിച്ചാണ് അമേരിക്കയുടെ പ്രതികരണം.
ഇറാനെതിരായ സൈനിക നടപടിയിൽ തങ്ങൾ പങ്കുചേരില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ജോ ബൈഡൻ നേരിട്ട് അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ രാത്രിയിൽ മുന്നൂറിലേറെ ഡ്രോൺ മിസൈലുകളും നൂറിലേറെ ബാലിസ്റ്റ്ക് മിസൈലുകളുമാണ്ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തു വിട്ടത്. ഇവയിൽ 99 ശതമാനവും ഇസ്രേയേലിലെ മിസൈൽ പ്രതിരോധ സംവിധാനവും അമേരിക്കയുടേയും ബ്രിട്ടൻ്റേയും ഫ്രാൻസിൻ്റേയും നാവികസേനകളും ചേർന്ന് തകർത്തു എന്നാണ് വിവരം.
അതേസമയം ഇറാൻ്റെ ആക്രമണത്തിന് ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. അതെങ്ങനെ എപ്പോൾ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം ആരംഭിച്ചത്. യുഎസ് സൈന്യം നൽകുന്ന വിവരമനുസരിച്ച് ഏകദേശം അഞ്ച് മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു. ആക്രമണം ആരംഭിച്ചതോടെ ടെൽ അവീവ് ഉൾപ്പെടെ ഇസ്രായേലിലെ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടു. ജറുസലേമിലും സ്ഫോടനങ്ങളുണ്ടായി. ആക്രമണം ആരംഭിച്ച ഉടൻ തന്നെ രാജ്യത്തെ 720 പോയിൻ്റുകളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള ജാഗ്രതാ നിർദേശം കൊടുക്കാൻ തുടങ്ങി.
120-ലധികം ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30-ലധികം ക്രൂയിസ് മിസൈലുകളും ഇറാൻ്റെ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ മുഖ്യ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറയുന്നു. അമേരിക്ക, യു.കെ, ഫ്രാൻസ് എന്നിവയുടെ സഹായത്തോടെ രാജ്യത്തിൻ്റെ അതിർത്തിക്ക് പുറത്ത് വച്ച് ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തങ്ങളുടെ വ്യോമാതിർത്തിയിലൂടെ ഇസ്രയേലിലേക്ക് പോയ മിസൈലുകൾ ജോർദാൻ സൈന്യവും തകർത്തു. അതേസമയം ചില മിസൈലുകൾ പ്രതിരോധസംവിധാനത്തെ മറികടന്ന് ഇസ്രയേലിൽ പതിച്ചു. പലയിടത്തും സ്ഫോടനത്തിലും മറ്റും ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനങ്ങൾ സംബന്ധിച്ചോ പരിക്കേറ്റവരെ കുറിച്ചോ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാഖ്, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും സൈന്യം തടഞ്ഞുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ശനിയാഴ്ച പറഞ്ഞിരുന്നു.
