ദുബായ്: ലൈസൻസില്ലാതെ നിരത്തിലിറങ്ങിയാൽ ലഭിക്കുന്ന കനത്ത പിഴയെ പറ്റി അറിവുണ്ടെങ്കിലും കഴിഞ്ഞ വർഷം രാജ്യത്ത് ഇത്തരക്കാർ വരുത്തി വച്ചത് 53 അപകടങ്ങളാണ്. 3 വർഷം തടവും 5000 ദിർഹം പിഴയുമാണ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് ശിക്ഷയായി ലഭിക്കുക. ഏതെങ്കിലും ഒരു കാറ്റഗറിയിൽപെടുന്ന വാഹന ലൈസൻസ് ഉള്ളവർക്ക് എല്ലാ വാഹനങ്ങളും ഓടിക്കാൻ പറ്റുമെന്ന ധാരണ തെറ്റാണെന്നും അത്തരക്കാരെയും ഇതേ ശിക്ഷാ പരിധിയിൽ തന്നെ ഉൾപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു
കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകുന്ന മാതാപിതാക്കളും കുറ്റക്കാർ തന്നെയാണ്. ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് സ്വദേശി കുട്ടികളും അവരുടെ ഡ്രൈവറും മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ കുറ്റകൃത്യത്തിന്റെ തോത് വർധിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് വലിയ വാഹനങ്ങൾ ഉപയോഗിക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകും
സ്വദേശികൾക്ക് ലൈസൻസ് നേടാൻ നിശ്ചിത പ്രായ പരിധിയും മെഡിക്കൽ സർട്ടിഫിക്കേറ്റുമാണ് ഹാജരാക്കേണ്ടത്. വിദേശികൾക്ക് ഈ മാനദണ്ഡങ്ങളോടൊപ്പം അംഗീകൃത താമസവീസ അല്ലെങ്കിൽ തൊഴിൽ വീസയും വേണം. സ്വദേശികൾക്ക് 10 വർഷ കാലാവധിയുളള വീസയും വിദേശികൾക്ക് 5 വർഷം കാലാവധിയുള്ള വീസയുമാണ് ലഭിക്കുക