ദുബായ് മെട്രോയിലും ട്രാമുകളിലും ഇലക്ട്രിക് സ്കൂട്ടറുകള് കയറ്റുന്നതിനുള്ള വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇ-സ്കൂട്ടറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ പല യാത്രക്കാരും അവരുടെ ഇ-സ്കൂട്ടറുകള് മട്രൊ സ്റ്റേഷന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരായി. ചിലര്‍ വീടുകളിലേക്ക് മറ്റുവഴികളില്ലാതെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
ഫെബ്രുവരി 29നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി (ആര്‍ടിഎ) ദുബായ് മെട്രോയിലും ദുബായ് ട്രാമുകളിലും ഇ-സ്കൂട്ടറുകള് കയറ്റുന്നതിന് മാര്‍ച്ച് ഒന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തുമെന്ന ട്വീറ്റ് ചെയ്തത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ആര്‍ടിഎ ട്വീറ്റ് ചെയ്തിരുന്നു.
ഇലക്ട്രിക് സ്കൂട്ടറില്‍ പുക കണ്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ദുബായിലെ ഓണ്‍പാസ്സീവ് മെട്രോ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു മണിക്കൂറോളം നിര്‍ത്തിവെച്ച സാഹചര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ടിഎ ഇലക്ട്രിക് സ്കൂട്ടറുകള് മെട്രോകളിലും ട്രാമുകളിലും നിരോധിച്ചുകൊണ്ടുള്ള നടപടിക്ക് ഒരുങ്ങിയത്.