ഇന്ത്യയിലെ ഏറ്റവും കടുത്ത പ്രവേശന പരീക്ഷകളിൽ ഒന്നായ ജോയിൻ്റ് എൻട്രൻസ് എക്സാമിൽ (ജെഇഇ) നൂറ് ശതമാനം മാർക്ക് നേടി ശ്രദ്ധേയനായിരിക്കുകയാണ് മലയാളിയും ദുബായിലെ പ്രവാസി കുടുംബത്തിലെ അംഗവുമായ പ്രണവാനന്ദ സജി. പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് നേടി എൻ.ആർ.ഐ വിദ്യാർത്ഥികൾക്കിടയിലെ ടോപ്പറായി മാറിയിരിക്കുകയാണ് ഈ കൗമാരക്കാരൻ. ജെഇഇ ഓൾ ഇന്ത്യ റാങ്കിൽ 31-ാം സ്ഥാനത്താണ് പ്രണവാനന്ദ സജിയുള്ളത്.

മൊബൈൽ ഫോണിനെ മാറ്റിനിർത്തിയുള്ള ജീവിതമാണ് പരീക്ഷ വിജയിക്കാൻ തനിക്ക് തുണയായതെന്ന് പ്രണവാനന്ദ പറയുന്നു. ഫോണിൽ വിരലോടിച്ച് ഇരിക്കുന്നത് വഴി എല്ലാ ദിവസവും ഒരുപാട് സമയം നമ്മൾ പാഴാക്കി കളയുകയാണ് എന്നാണ് ഈ വിദ്യാർത്ഥിയുടെ അഭിപ്രായം. അതിനാൽ പരീക്ഷയ്ക്കായി തയ്യാറെടുത്ത ഈ ഒരു വർഷം മുഴുവൻ പ്രണവാനന്ദയുടെ ഫോൺ സൈലൻ്റ് മോഡിലായിരുന്നു. അതേസമയം പ്രധാനപ്പെട്ട കോളുകൾ അമ്മയുടെ ഫോണിലേക്ക് എത്തുമെന്ന് ഉറപ്പാക്കാനും പ്രണവാനന്ദ ശ്രദ്ധിച്ചിരുന്നു.
ഇന്ത്യയിലെ മുൻനിര എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് ജെഇഇ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടക്കുക. ജനുവരിയിൽ നടന്ന ജെഇഇ എക്സാമിൽ പ്രണവാനന്ദ 99.99 ശതമാനം മാർക്ക് നേടിയിരുന്നു. എന്നാൽ അതിൽ തൃപ്തനാവാതെ വീണ്ടും പരീക്ഷയ്ക്ക് ഇരിക്കുകയും നൂറ് ശതമാനം മാർക്ക് സ്വന്തമാക്കുകയുമായിരുന്നു. പരീക്ഷയുടെ രണ്ട് സെഷനുകളിലും ചേർത്ത് മികച്ച NTA സ്കോറും ഇതിലൂടെ പ്രണവാനന്ദ സ്വന്തമാക്കി.
പരീക്ഷകൾ എഴുതാനും അതിന് തയ്യാറെടുക്കാനും താത്പര്യമുള്ളയാളാണെങ്കിലും ആദ്യ പരീക്ഷയിൽ കടുപ്പമുള്ള ചോദ്യങ്ങൾ പലതും തന്നെ സമ്മർദ്ദത്തിലാക്കിയെന്ന് പ്രണവാനന്ദ പറയുന്നു.
“ആദ്യ രണ്ട് മണിക്കൂറിൽ, എല്ലാം സുഗമമായി നടന്നു, പക്ഷേ കണക്കിലേക്ക് വന്നപ്പോൾ ഞാനൽപ്പം പരിഭ്രാന്തിയിലായി. എനിക്ക് ബുദ്ധിമുട്ടുള്ള ചില ചോദ്യങ്ങൾ വന്നു, തെറ്റിയാൽ സ്കോറിനെ അതു പ്രതികൂലമായി ബാധിക്കുമല്ലോയെന്ന് ഞാൻ ആശങ്കപ്പെടാൻ തുടങ്ങി. ഭാഗ്യവശാൽ കൃത്യമായി ഉത്തരം കണ്ടെത്താൻ പറ്റി. ഈ അനുഭവം ഉള്ളത്കൊണ്ട് തന്നെ രണ്ടാമത്തെ തവണ പരീക്ഷയ്ക്ക് ഇരുന്നപ്പോൾ പരമാവധി ശാന്തനായിരിക്കാനാണ് ഞാൻ ശ്രമിച്ചത്. അത് വളരെയധികം സഹായിച്ചു. മുമ്പത്തെ ശ്രമത്തെപ്പോലെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഷ്ടമുള്ള കോളേജിൽ കയറാമെന്ന പ്രതീക്ഷയിൽ സജി ഇപ്പോൾ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
“എനിക്ക് ബോംബെ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കണം എന്നാണ് ആഗ്രഹം. മെയിൻസ് പരീക്ഷയിലെ മാർക്കിലൂടെ എൻഐടി ട്രിച്ചി അല്ലെങ്കിൽ ഐഐഐടി ഹൈദരാബാദ് പോലുള്ള കോളേജുകളിൽ പ്രവേശിക്കാൻ സാധിക്കും.. ഈ വിഭാഗത്തിൽ ഞാൻ തിരഞ്ഞെടുത്തതാണ്. എന്നാൽ ജെഇഇ അഡ്വാൻസ്ഡിന് ശേഷം, എൻ്റെ റാങ്ക് മികച്ചതാണെങ്കിൽ, തീർച്ചയായും ഐഐടികളിൽ ചേരണമെന്നാണ് ആഗ്രഹം.
ജെഇഇ രണ്ട് ഭാഗങ്ങളായാണ് നടത്തുന്നത്: മെയിൻ, അഡ്വാൻസ്ഡ്. ഈ വർഷം, 1.2 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ NTA JEE മെയിൻസ് 2024 പരീക്ഷയിൽ പങ്കെടുത്തു. 200,000 റാങ്ക് ഹോൾഡർമാർക്ക് മാത്രമേ JEE അഡ്വാൻസ്ഡ് 2024 അല്ലെങ്കിൽ IIT JEE-ൽ പങ്കെടുക്കാൻ യോഗ്യതയുള്ളൂ.
പരീക്ഷയിൽ വിജയിക്കാനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും. ഉറക്കം ഒഴിവാക്കിയുള്ള പഠനമൊന്നും പ്രണവാനന്ദയ്ക്കില്ല. ആറ് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ എൻ്റെ അടുത്ത ദിവസം അലമ്പാവും. അതിനാൽ രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിക്കുന്ന പരിപാടി എനിക്കില്ല. സമയം കൃത്യമായി ഉപയോഗപ്പെടുത്തി പഠിക്കും എന്ന് മാത്രം.
ദിവസത്തിൻ്റെ ഗണ്യമായ ഒരു ഭാഗം പഠനത്തിനായി നീക്കിവെക്കും. “ ഒരു ദിവസം ഞാൻ ആറ് മണിക്കൂർ പഠിക്കും, വാരാന്ത്യങ്ങളിൽ ഞാൻ ദിവസവും 10-12 മണിക്കൂർ പഠിക്കുമായിരുന്നു. കോച്ചിംഗ് സെൻ്ററിൽ, ഞാൻ ആഴ്ചയിൽ നാല് ക്ലാസുകളിൽ പങ്കെടുക്കുമായിരുന്നു, ഇത് ശരാശരി മൂന്ന് മുതൽ നാല് മണിക്കൂർ വരെ നീണ്ടുനിൽക്കും. അവിടെയുള്ള അധ്യാപകർ നല്ല പിന്തുണയും സംശയങ്ങൾക്ക് ഉത്തരം നൽകാൻ എപ്പോഴും തയ്യാറുമായിരുന്നു. എനിക്ക് പതറിയ ഘട്ടങ്ങളിൽ പോലും എന്നെ അവർ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.
പ്രണവാനന്ദയുടെ വിജയം അവൻ്റെ കഠിനദ്ധ്വാനത്തിൻ്റെ കൂടി ഫലമാണെന്ന് അസെൻട്രിയയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ അൽക മാലിക് പറയുന്നു. അഡ്വാൻസ്ഡ് പരീക്ഷയിൽ അവൻ ഇതേ മികവ് കാണിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. 11-ാം ക്ലാസ് മുതൽ പ്രണവാനന്ദ് സ്ഥിരമായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. അധ്യാപകർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും അവൻ കൃത്യമായി പാലിച്ചു, മൊഡ്യൂളുകളിലെ ഓരോ ചോദ്യവും പരിശീലിച്ചു, ഒരു പ്രശ്നവും പരിഹരിക്കാൻ കഴിയാതെ വരുമ്പോഴെല്ലാം അധ്യാപകരുമായി സംശയങ്ങൾ തീർത്തു. കൃത്യമായ ആസൂത്രണത്തോടെയും അച്ചടക്കത്തോടേയും നടത്തിയ പഠനമാണ് അവൻ്റെ വിജയത്തിന് കാരണം. അൽക മാലിക് പറയുന്നു.
