ഭക്ഷണം മാത്രമല്ല, ഇനിമുതൽ കഞ്ചാവും വീട്ടിലെത്തിക്കും ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിൽപനയ്ക്ക് തയ്യാറെടുക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പകരം റീട്ടെയിലർമാരുടെ സ്റ്റാഫുകളായിരിക്കും കഞ്ചാവ് ആവശ്യക്കാരുടെ വീട്ടു പടിക്കൽ എത്തിക്കുക. ഇതിനായി ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ച് കൊണ്ടാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുക.
ടൊറന്റോയിൽ കഞ്ചാവ് ആവശ്യമുള്ളവർക്ക് ഊബർ ഈറ്റ്സ് ആപ്പിലൂടെ ഓർഡർ ചെയ്യാം. എത്തിക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങളും നൽകിയാൽ വീട്ടിലെത്തിക്കും. എന്നാൽ, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ് തികയണം. കാനഡയിലെ നിയമം അനുസരിച്ച് കഞ്ചാവ് നിയമവിരുദ്ധമല്ല. നിയമവിരുദ്ധമായ കഞ്ചാവ് വിൽപന തടയുന്നതിന് അത് സഹായിക്കുമെന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു.
നവംബർ മുതലാണ് ഊബർ ഈറ്റ്സ് ഈ സേവനം തുടങ്ങുക. കഞ്ചാവ് വാങ്ങുന്നതിന് നിയമപരമായ അനുമതി വാങ്ങേണ്ടതുണ്ട്. കഞ്ചാവ് വലിച്ച ശേഷം ആളുകൾ വാഹനമോടിച്ച് പോകുന്നത് തടയാൻ ഇതുവഴി സാധിക്കുമെന്ന് ഊബർ ഈറ്റ്സും ലീഫ്ലിയും പറഞ്ഞു.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം