യമുനാ നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ ഡല്‍ഹിയില്‍ നഗര പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. പ്രളയസമാന സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായത്. നിലവില്‍ 208.46 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. യമുനാ നദിയില്‍ ജലനിരപ്പ് 209 മീറ്റര്‍ കടന്നതോടെയാണ് ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചെത്താന്‍ തുടങ്ങിയത്.
ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അധിക വെള്ളം പുറത്തേക്ക് ഒഴുക്കാതെ നിര്‍വാഹമില്ലെന്നാണ് കേന്ദ്രം വിശദീകരണം നല്‍കിയത്. ഇതോടെ ഡല്‍ഹിയിലെ നഗര പ്രദേശത്ത് ജനജീവിതം ദുരിതത്തില്‍ ആയിരിക്കുകയാണ്.
#WATCH | A rickshaw-puller pedals through chest-deep water in the flooded area near Red Fort of Delhi. pic.twitter.com/bIezx11zye
— ANI (@ANI) July 13, 2023
യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്ന് ജല ശുദ്ധീകരണ ശാലകള്‍ അടച്ചു. ഇതോടെ ഡല്‍ഹി കുടിവെള്ള ക്ഷാമം നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറി നില്ക്കാന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബാരേജ് നദിയിലേക്കാണ് ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ബാരേജില്‍ നിന്നുള്ള നീരൊഴുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ജലകമ്മീഷന് അറിയിച്ചു.
40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യമുനയില്‍ ജലനിരപ്പ് ഉയരുന്നത്. 1978ലാണ് ഇതിന് മുമ്പ് യമുനയുടെ ജലനിരപ്പ് ഉയര്‍ന്നത്. 207 മീറ്റര്‍ ആയിരുന്നു അന്ന് ഉയര്‍ന്നത്.