താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ബോക്സിങ്ങ് ഇതിഹാസം മേരി കോം. വിരമിക്കുമ്പോള്‍ താന്‍ തന്നെ അത് പറയുമെന്നും മറ്റൊരു പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളില്‍ എ.എന്‍.ഐയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
‘ഞാന്‍ വിരമിക്കുകയാണെന്ന് കാണിച്ച ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ കാണുകയുണ്ടായി. അത് സത്യമല്ല. ജനുവരി 24ന് ഞാന്‍ ഒരു സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
എനിക്ക് ഇനിയും സ്പോര്‍ട്സില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്യാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായ പരിധി കഴിയുന്നതിനാല്‍ ഒളിമ്പിക്സില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്നും ഞാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കി സംസാരിക്കുകയായിരുന്നു. ഞാന്‍ ഇപ്പോഴും എന്റെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്ന ആളാണ്. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാവരെയും വിളിച്ച് അറിയിക്കുന്നതാണ്,’ മേരി കോം പറഞ്ഞു.
‘എനിക്ക് ഇനിയും ആഗ്രഹമുണ്ട്. പക്ഷെ പ്രായപരിധി കഴിയുന്നതിനാല്‍ എനിക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. എനിക്ക് ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ നിര്‍ത്താന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. എനിക്ക് വിരമിക്കേണ്ടതായുണ്ട്’ എന്ന് മേരി കോം പറയുന്നതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മേരി കോം തന്നെ രംഗത്തെത്തിയത്. ആറ് തവണ ലോക ചാംപ്യനും ഒളിംപിക്സ് മെഡലിസ്റ്റുമാണ് മേരി കോം.