നാഷണൽ അവാർഡിന് ശേഷമുള്ള സിനിമാ ജീവിതം തുറന്ന് പറഞ്ഞ് നടി സുരഭി ലക്ഷ്മി. അവാർഡ് കിട്ടിയതിന് ശേഷം സെലക്ടീവായ കഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളൂവെന്ന് നിർബന്ധമൊന്നുമില്ലെന്ന് സുരഭി പറയുന്നു. നിമിഷ സജയൻ നായികയായ ഈട എന്ന സിനിമയിലാണ് അവാർഡ് ലഭിച്ച ശേഷം അഭിനയിച്ചത്. മൂന്ന് സീനിൽ മാത്രമേ താനുണ്ടായിരുന്നുള്ളൂ. അവാർഡ് ലഭിച്ചെന്ന് പറഞ്ഞ് അന്യഭാഷകളിൽ നിന്നു പോലും യാതൊരു അവസരവും വന്നിട്ടില്ലന്നും സുരഭി പറയുന്നു.
സീരിയലിൽ നിന്നും സിനിമയിലേക്ക് വന്നവർ വിവേചനം അനുഭവിക്കുന്നുണ്ടെന്ന് പറയാതെ പറയുകയാണ് സുരഭി. സിനിമയിലേക്ക് വരുമ്പോൾ ഒരാളുടെ ബാക്ക് ഗ്രൗണ്ട് പ്രധാനപ്പെട്ടതാണ്. നായികാ പദവി മാത്രം അലങ്കരിച്ച് സിനിമയിൽ നിൽക്കാനല്ല ആഗ്രഹിക്കുന്നത്. നല്ലയൊരു ആക്ടർ എന്നതിനപ്പുറം മറ്റൊരാഗ്രഹവുമില്ല. മലയാളത്തിൽ ചുരുക്കം ചില നടിമാർക്ക് മാത്രമേ മാർക്കറ്റുള്ളൂ. സംവിധായകൻ ദിലീഷ് പോത്തനോടുള്ള സുഹൃത്ത് ബന്ധത്തെപ്പറ്റിയും സുരഭി പറയുന്നു. ദിലീഷ് പോത്തനുമായുള്ള സൗഹ്യദത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. തനിക്ക് അവസരങ്ങൾ ഇല്ലാതെ വന്നാൽ അവസരങ്ങൾ ചോദിച്ചു വാങ്ങാനുള്ള സൗഹ്യദ ബന്ധമുണ്ടെന്നും താരം പറയുന്നു. സംവിധായിക കുപ്പായത്തിനും അപ്പുറം സംവിധായകന്റെ ആക്ടർ ആകാനാണ് ആഗ്രഹമെന്നും സുരഭി പറയുന്നു.
സിനിമയ്ക്കുള്ളിൽ മാത്രമല്ല സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത്. സിനിമയിലാകുമ്പോൾ പലപ്പോഴും ഇത്തരം സംഭവങ്ങൾ ആഘോഷിക്കപ്പെടുകയാണ്. അവസരം മുതലെടുത്ത് അതിജീവിതമാരെ പലപ്പോഴും ആക്രമിക്കുകയാണെന്നും സുരഭി പറയുന്നു. പല നടന്മാരും നടിമാരും അഭിനയം പഠിക്കാൻ പോകാറുണ്ട്. എന്നാലത് തുറന്ന് പറയുന്നത് കുറച്ചിലായി കാണുന്നവരുണ്ട്. ആദ്യ ടേക്കിൽ അഭിനയം നന്നാക്കാത്തത് വലിയ അപരാധമൊന്നുമല്ല. റിലീസിന് തയ്യാറെടുക്കുന്ന ജ്വാലമുഖി എന്ന ചിത്രത്തിനായി ശവം ദഹിപ്പിക്കാൻ പോയ ഞെട്ടിപ്പിക്കുന്ന അനുഭവവും താരം തുറന്ന് പറയുന്നു. പച്ച ഇറച്ചി കത്തുന്ന ഗന്ധം ശ്വസിച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥയും ശവദാഹം നടത്തുന്ന സ്തരീകൾ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്ഥയും നടി പങ്കുവയ്ക്കുന്നു. ഏതൊരു ക്യാരക്ടറിനും സുരഭി എന്ന ഓപ്ക്ഷൻ വയ്ക്കുന്ന കാലമാണ് താൻ എറ്റവുമധികം ആഗ്രഹിക്കുന്ന കാലഘട്ടമെന്നും സുരഭി പറയുന്നു