തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള തര്‍ക്കം കാരണം വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. വിപിഎഫ് ചാര്‍ജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നല്‍കണം എന്നാണ് ഫിയോക് മുന്നോട്ട് വെച്ചിരിക്കുന്ന വിഷയം.
അതോടൊപ്പം ഷെയറിങ് രീതികളില്‍ മാറ്റം വരുത്തണം, പബ്ലിസിറ്റി കോണ്ട്രിബ്യൂഷന്, പേസ്റ്റിങ് ചാര്‍ജ് എന്നിവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണം, സിനിമകളുടെ വളരെ വേഗമുള്ള ഒടിടി റിലീസ് എന്നിവയാണ് ഫിയോക് മുന്നോട്ട് വെച്ചിരിക്കുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും. എന്നാല്‍ ഫിയോക് ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം തന്നെ വിതരണക്കാര്‍ തള്ളിയിരിക്കുകയാണ്.
ഇതേ തുടര്‍ന്നാണ് ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനം ഫിയോക് എടുത്തത്.
ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ചയ്ക്കുള്ളില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.