ബിഗ് ബജറ്റ് ചിത്രം ജയിലർ തീയേറ്ററുകളിൽ തേരോട്ടം തുടരുന്നതിനിടെ ചിത്രത്തിലെ നായകനായ രജനീകാന്തിന് പരിതോഷികവുമായി നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സ്. ആഗോളതലത്തിൽ ജയിലർ കളക്ഷൻ 600 കോടി പിന്നിട്ടതിന് പിന്നാലെയാണ് സൺ പിക്ച്ചേഴ്സ് ഉടമ കലാനിധി മാരൻ രജനീകാന്തിനെ നേരിട്ടെത്തി കണ്ട് പാരിതോഷികം സമ്മാനിച്ചത്.
രജനീകാന്തിൻ്റെ ചിത്രത്തിൻ്റെ ലാഭവിഹിതം ചെക്കായി കലാനിധി മാരൻ കൈമാറുന്നതിൻ്റേയും ഒരു പുതിയ ആഡംബര ബിഎംഡെബ്ള്യൂ കാർ സമ്മാനിക്കുന്നതിൻ്റേയും ദൃശ്യങ്ങൾ സൺ പിക്ച്ചേഴ്സ് പുറത്തു വിട്ടു. എത്ര രൂപയുടെ ചെക്കാണ് രജനീകാന്തിന് കലാനിധി മാരൻ കൈമാറിയതെന്ന് വ്യക്തമല്ല. ചിത്രത്തിൽ അഭിനയിക്കാൻ ഏതാണ്ട് 120 കോടിയോളം രൂപയാണ് രജനീകാന്ത് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം അതു കൂടാതെയാണ് ഇപ്പോൾ ലാഭവിഹിതവും കൈമാറിയിരിക്കുന്നത്. രണ്ട് ബിഎംഡെബ്ള്യൂ എക്സ് സെവൻ മോഡൽ കാറുകളുമായാണ് കലാനിധി മാരനും സംഘവും രജനിയുടെ വീട്ടിലെത്തിയത്. ഇതിൽ രജനിക്ക് ഇഷ്ടപ്പെട്ട നിറം നോക്കി കാർ കൈമാറുകയായിരുന്നു.
റിലീസായി നാലാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ ജയിലർ സിനിമയ്ക്ക് ലഭിക്കുന്നത്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർ താരങ്ങളായ ശിവ രാജ്കുമാറും മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു.