കൊച്ചി: കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് സംവിധായകൻ ഷാഫി. ഉദര രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാഫി നിലവിൽ ന്യൂറോ വിഭാഗം ഐസിയുവിലാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില മോശമായതോടെ ഷാഫിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചുവെന്നാണ് വിവരം.
സംവിധായകൻ റാഫിയുടെ (റാഫി മെക്കാർട്ടിൻ) സഹോദരനാണ് ഷാഫി. അന്തരിച്ച സൂപ്പർഹിറ്റ് സംവിധായകൻ സിദ്ദിഖിൻ്റെ സഹോദരിയുടെ മക്കളാണ് റാഫിയും ഷാഫിയും. എം.എച്ച് റഷീദ് എന്നാണ് ഷാഫിയുടെ ശരിയായ പേര്. കൊച്ചിയിൽ ഷാഫി ചികിത്സയിലുള്ള ആസ്റ്റർ മെഡിസിറ്റിയിൽ മമ്മൂട്ടി ഇന്ന് വൈകിട്ട് നേരിട്ടെത്തി. നിർമ്മാതാവ് രജപുത്ര രഞ്ജിത്ത്, ആൻ്റോ ജോസഫ് എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മലയാള ചലച്ചിത്ര പ്രവർത്തകർ പലരും ആസ്റ്റർ മെഡിസിറ്റിയിൽ ഈ ദിവസങ്ങളിൽ എത്തിയിരുന്നു. ആന്തരിക രക്തസ്രവത്തെ തുടർന്ന് ഈ മാസം പതിനാറിനാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1995-ൽ പുറത്തിറങ്ങിയ ആദ്യത്തെ കണ്മണി എന്ന ചിത്രത്തിൽ സംവിധായകൻ രാജസേനൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായിട്ടാണ് ഷാഫിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത് പുതുക്കോട്ടയിലെ പുതുമണവാളൻ,സൂപ്പർമാൻ, ദി കാർ, തെങ്കാശിപട്ടണം എന്നീ സിനിമകളിലും. സിദ്ദീഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന സിനിമയിലും ഷാഫി അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
2001-ൽ വണ്മാൻ ഷോ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. റാഫി മെക്കാർട്ടിൻ്റെ തിരക്കഥയിൽ ജയറാം, ലാൽ, കലാഭവൻ മണി, സംയുക്ത വർമ്മ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം സൂപ്പർഹിറ്റായി. 2002-ൽ ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ ദിലീപിനെ നായകനായി ഷാഫി ഒരുക്കിയ കല്ല്യാണരാമൻ മലയാള സിനിമയിലെ കൾട്ട് ക്ലാസ്സിക് കോമഡി സിനിമകളിൽ ഒന്നായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജയസൂര്യ നായകനായി 2003-ൽ ഇറങ്ങിയ പുലിവാൽ കല്ല്യാണത്തിലൂടെ വീണ്ടും ഒരു ഹിറ്റ് ചിത്രം കൂടി ഷാഫിയുടെ ക്രെഡിറ്റിലെത്തി. ഉദയ് കൃഷ്ണ – സിബി കെ തോമസാണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത്. 2005-ൽ ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും വൻവിജയം നേടി.
ഈ ചിത്രം വിക്രം, അസിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി തമിഴിൽ റീമേക്ക് ചെയ്തുവെങ്കിലും വലിയ വിജയം നേടിയില്ല.റാഫി മെക്കാർട്ടിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാഫി ഒരുക്കിയ മായാവി (2007), സച്ചി – സേതു തിരക്കഥയിൽ വന്ന പൃഥ്വിരാജ് ചിത്രം ചോക്ലേറ്റ് (2007) എന്നിവ വൻ വിജയമായി. ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥകളിൽ പിന്നാലെ വന്ന ലോലിപ്പോപ്പ് (2008), ചട്ടമ്പിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010) എന്നീ ചിത്രങ്ങളിലൂടെ ഷാഫി വിജയം ആവർത്തിച്ചു.
സച്ചി-സേതു ടീമിൻ്റെ സ്ക്രിപ്റ്റിൽ വന്ന മേക്കപ്പ് മാൻ (2011), ജെയിംസ് ആൽബർട്ട് രചിച്ച വെന്നീസിലെ വ്യാപാരി (2011) എന്നിവയും ഹിറ്റായി. കലവൂർ രവികുമാറിൻ്റെ തിരക്കഥയിൽ ഒരുക്കിയ 2012 – 101 വെഡ്ഡിംഗും ഹിറ്റായി. ഇടവേളയ്ക്ക് ശേഷം 2015-ൽ റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ടു കണ്ട്രീസ് ആ വർഷത്തെ വമ്പൻ ഹിറ്റായി മാറി.
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഷാഫി സംവിധാനം ചെയ്ത ഷെർലക്ക് ടോംസ് (2017), ഒരു പഴയ ബോംബ് കഥ (2018), ചിൽഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) എന്നീ ചിത്രങ്ങൾക്ക് വിചാരിച്ച പ്രേക്ഷക പിന്തുണ നേടാനായിരുന്നില്ല.