കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു. ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മുദിഗരെ സിറ്റിംഗ് എം.എല്‍.എ എം.പി കുമാരസ്വാമിയാണ് രാജി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാതെ വന്നതോടെയാണ് രാജി പ്രഖ്യാപനം.
കഴിഞ്ഞ ദിവസം രാത്രിയാണ് 23 അംഗ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാഞ്ഞതിന് പിന്നാലെ കുമാര സ്വാമി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയെ കുറ്റപ്പെടുത്തി.
കുമാരസ്വാമിയെ തഴഞ്ഞതിന് പിന്നില്‍ തങ്ങള്‍ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കുമാര സ്വാമി ജെഡിഎസില്‍ ചേര്‍ന്നേക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നും സൂചനയുണ്ട്.
രാജി പാര്‍ട്ടി ഓഫീസിലേക്ക് അയച്ചു. സ്പീക്കര്‍ക്ക് ഉടന്‍ കൈമാറും. തന്റെ അനുയായികളോടും വോട്ടര്‍മാരോടും തീരുമാനിച്ചശേഷം അടുത്ത ചുവട് മുന്നോട്ട് വെക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലക്ഷ്മണ് സാവദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.
കര്‍ണാടകയിലെ കരുത്തനായ ലിംഗായത്ത് നേതാവും മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ് ലക്ഷ്മണ് സാവദി. ആരുടെയും മുന്നില്‍ യാചിച്ചുകൊണ്ട് പോവില്ലെന്നും തീരുമാനമെടുത്തു കഴിഞ്ഞെന്നും രാജിക്ക് പിന്നാലെ ലക്ഷ്മണ് സാവദി മാധ്യമങ്ങളോട് പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.