തിരുവനന്തപുരം: മലയാളം യൂട്യൂബ് വ്ലോഗ്ഗേഴ്സിൽ പ്രശസ്തരായ എംഫോർ ടെക് ടീമിനെതിരെ പൊലീസിൽ പരാതി. സ്വാതന്ത്ര്യദിനത്തിൽ എം ഫോർ ടെക് പബ്ലിഷ് ചെയ്ത വീഡിയോയിൽ ദേശീയപതാകയേയും രാജ്യത്തേയും അപമാനിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ എം.ജിതിൻ എന്ന യുവാവാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യദിന സ്പെഷ്യലായി സ്വാതന്ത്ര്യക്കോഴി ചുട്ടത് എന്ന പേരിൽ എംഫോർ ടെക് ഒരു വീഡിയോ പബ്ലിഷ് ചെയ്തിരുന്നു. ഇന്ത്യൻ ത്രിവണർ പതാകയുടെ കളർ കോംബിനേഷനിൽ ചിക്കൻ ഗ്രിൽ ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഏതാണ് 48 കോഴികളെ കുങ്കുമം, വെള്ള, പച്ച നിറത്തിൽ ഗ്രിൽ ചെയ്തെടുത്ത ഈ വിഡിയോ യൂട്യൂബിൽ വൈറലായതിന് പിന്നാലെയാണ് ഇവർക്കെതിരെ പൊലീസിൽ പരാതി കിട്ടിയത്.
ദേശീയപതാകയുടെ നിറത്തിൽ കോഴികൾ ചുട്ടെടുത്തത് വഴി വ്ളോഗ്ഗേഴ്സ് ദേശീയപതാകയെ അപമാനിച്ചെന്നും ചുട്ടെടുത്ത കോഴിയെ തിന്നു കൊണ്ട് സ്വാതന്ത്ര്യദിനാശംസകൾ പറയുന്നത് വഴി സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്നും പരാതിയിൽ പറയുന്നു. കശ്മീരി ചില്ലി, മലായി ടിക്ക, കാന്താരി എന്നിവ ഉപയോഗിച്ചാണ് കോഴികളെ വ്യത്യസ്ത നിറത്തിൽ ചുട്ടെടുത്തത് എന്നാണ് എംഫോർടെക് വീഡിയോയിൽ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലുകളിൽ ഒന്നാണ് ഇത്.