പ്രവാചകന്റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആചരിക്കും. വിവിധ ഇസ്ലാം മത സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന റാലി സംഘടിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ നബിദിന ആശംസകള്‍ നേര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന് നബി ദിന ആശംസകള്‍ നേര്‍ന്നു. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന മാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നത്. ആ മാനവികതയുടെ സൗരഭം മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്നേഹത്തോടെ ഒത്തുചേരാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തില്‍ ഏവര്‍ക്കും സാധിക്കട്ടെ. ഹൃദയപൂര്‍വ്വം നബിദിനാശംസകള്‍ നേരുന്നു. എന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ പറഞ്ഞു.
‘സ്നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായൊരു ജീവിതത്തിലൂടെ വിശ്വ മാനവികതയെന്ന സന്ദേശമാണ് പ്രവാചകന് മുഹമ്മദ് നബി മുന്നോട്ടുവച്ചത്. ഇതു തന്നെയാണ് നബിദിനത്തിന്റെ സന്ദേശവും.
പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക വചനങ്ങള്‍ യാര്‍ത്ഥ്യമാക്കുന്നതാകട്ടെ ഇത്തവണത്തെ നബിദിനം. എല്ലാവര്ക്കും നബി ദിനാശംസകള്‍,’ വിഡി സതീശന് കുറിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്.