ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയായ മലയാളി മുഹമ്മദ് റിനോഷിൻറെ സംസ്കാരം ഇന്നലെ നടന്നു. റിനോഷിൻ്റെ ബന്ധുക്കൾ സംസ്കാരത്തിൽ പങ്കെടുത്തു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം വധശിക്ഷയ്ക്ക് വിധേയായ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാൻറെ സംസ്കാരവും നടന്നു. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഇതോടെയാണ് സംസ്കാരം യുഎഇയില്‍ വച്ച് നടത്താന്‍ തീരുമാനമായത്.
ഷഹ്സാദിയുടെ കുടുംബാംഗങ്ങൾക്ക് ആർക്കും സംസ്കാരചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും കുടുംബം ചുമതലപ്പെടുത്തിയവർ സംസ്കാരത്തിന് എത്തി. കാസർഗോഡ് ചീമേനി സ്വദേശി പിവി മുരളീധരൻ, തലശ്ശേരിയിലെ മുഹമ്മദ് റിനാഷ് എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചത്. വധശിക്ഷ നടപ്പാക്കിയ കാര്യം യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ അറിയിച്ചത്.
വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ മുരളീധരൻ വിളിച്ചു പറഞ്ഞിരുന്നുവെന്ന് ഇയാളുടെ പിതാവ് കേശവൻ സ്ഥിരീകരിച്ചു. തിരൂർ സ്വദേശിയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കൊല്ലപ്പെട്ട തിരൂർ സ്വദേശിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ഒത്തുതീർപ്പിന് തയ്യാറാവാതെ വന്നതോടെ ചർച്ചകൾ വഴിമുട്ടിയെന്നും രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവരുമായി ഇതിനായി ചർച്ച നടത്തിയിരുന്നുവെന്നും മുരളീധരൻ്റെ കുടുംബം വിശദീകരിക്കുന്നു. സംസ്കാരത്തിനായി യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ പതിനഞ്ചിനാണ് യുപി സ്വദേശി ഷഹ്സാദി ഖാൻറെ വധശിക്ഷ നടപ്പാക്കിയത്. മുരളീധരന്റെയും മുഹമ്മദ് റിനാഷിന്റെയും വധശിക്ഷയും ഇതേ ദിവസം നടപ്പാക്കി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാൽ മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കിയ കാര്യം യുഎഇ സർക്കാർ ഇന്ത്യയെ അറിയിച്ചത് രണ്ടാഴ്ച കഴിഞ്ഞ് ഫെബ്രുവരി 28-നാണ്. സംസ്കാരത്തിന് പോകുന്ന കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുൻപൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നയതന്ത്ര ഇടപെടൽ കൊണ്ട് റിനാഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. യുഎഇയിൽ വധശിക്ഷ വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ചത്.