തൃശ്ശൂർ: ഇന്നലെ തൃശ്ശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവീൺ നാഥിൻ്റെ പങ്കാളിയും ആത്മഹത്യ ശ്രമിച്ചു. കോട്ടയ്ക്കൽ സ്വദേശി റിഷാന ഐഷുവാണ് പ്രവീണിൻ്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉറക്കഗുളികകൾ ധാരാളമായി കഴിച്ച നിലയിലാണ് റിഷാന ഐഷുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചത്.
ട്രാൻസ്മെനായ പ്രവീൺനാഥ് പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്. ട്രാൻസ് വിമണായ റിഷാനയെ ഈ വർഷം ഫെബ്രുവരിയിൽ പ്രവീൺ നാഥ് വിവാഹം ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു ഈ വിവാഹം.
എന്നാൽ കഴിഞ്ഞ ആഴ്ച ഈ ദമ്പതികൾ വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. റിഷാനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രവീണാണ് സമൂഹമാധ്യമത്തിൽ തങ്ങൾ വേർപിരിയുകയാണെന്ന തരത്തിൽ പോസ്റ്റ് ഇട്ടത്. എന്നാൽ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തും വിവാഹമോചന വാർത്ത നിഷേധിച്ചും പ്രവീൺ പിന്നീട് രംഗത്തു വന്നിരുന്നു.
മാനസികമായി തകർന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും പ്രവീൺ പിന്നീട് വിശദീകരിച്ചിരുന്നു. വിവാഹമോചന വാർത്ത ചർച്ചയായതോടെ പ്രവീണിന് നേരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത വല്ലാതെ വേദനിപ്പിച്ചെന്ന് പ്രവീണ് തുറന്നടിക്കുകയും ചെയ്തിരുന്നു.
ബോഡി ബിൽഡറായിരുന്ന പ്രവീൺ 2021-ൽ നടന്ന മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന അന്താരാഷ്ട്ര ട്രാൻസ് ജെൻഡർ ബോഡി ബിൽഡർ മത്സരത്തിലും പ്രവീൺ പങ്കെടുത്തിരുന്നു.