ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഒരു തീരുമാനം ഇനി എടുക്കുന്നില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകള്‍ ലാഭത്തിലല്ലെന്ന് നേരത്തെ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണം.
ഇലക്ട്രിക് ബസുകളുടെ ലാഭ നഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളു. അതില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
‘ചില ആളുകള്‍ക്ക് എന്നെ ഉപദ്രവിക്കാനുള്ള ഉദ്ദേശ്യമുണ്ട്. എനിക്കതില്‍ യാതൊരു വിരോധവുമില്ല. ഞാന്‍ ആരെയും ഉപദ്രവിക്കാറില്ല. എന്തിനാണ് അവര്‍ എന്നെ ദ്രോഹിക്കുന്നതെന്ന് മനസിലാവുന്നില്ല. സത്യം മാത്രമേ ഞാന്‍ പറയാറുള്ളു. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും,’ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇ-ബസുകള്‍ നഗരത്തില്‍ ഇനി വാങ്ങില്ലെന്നും ഒരു ഇ ബസ് വാങ്ങുന്ന പൈസ കൊണ്ട് നാല് ഡീസല്‍ ബസുകള്‍ വാങ്ങിക്കാമെന്നുമായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഇ ബസുകള്‍ എത്ര കാലം ഓടുമെന്നത് സംബന്ധിച്ച് യാതൊരു ഉറപ്പുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ വി കെ പ്രശാന്ത് എം എല്‍എയും തിരുവനന്തപുരം മേയറും രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫില്‍ നിന്നും വേണ്ടത്ര പിന്തുണ മന്ത്രിക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രതികരണം.