തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് മാസങ്ങളായി ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ഇടപെടൽ തേടി സർക്കാർ. വിമാനടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവ്യോമയാനമന്ത്രി ജ്യോതിരാതിദ്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
കുതിച്ചുയർന്ന ടിക്കറ്റ് നിരക്ക് കാരണം പ്രവാസികൾ പലരും നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കുന്ന അവസ്ഥയാണെന്നും ആഴ്ചകളായി ടിക്കറ്റ് നിരക്കിൽ യാതൊരു കുറവുമില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎയിൽ നിന്നും കേരളത്തിൽ പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് –
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർദ്ധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ആഗസ്ത് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു.