ബഹ്റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് വനിതകളടക്കം നിരവധി പുതുമുഖങ്ങൾ വിജയിച്ചു. 40 അംഗ പാർലമെൻ്റിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബർ 12ന് നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ ആറ് പേർക്ക് മാത്രമാണ് വിജയിക്കാനായത്. ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ ശനിയാഴ്ച നടന്ന റൺ ഓഫ് മത്സരത്തിലാണ് ശേഷിക്കുന്ന 34 പേരും തെരഞ്ഞെടുക്കപ്പെട്ടത്. മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി.
മുഹമ്മദ് ജനാഹി, അഹ്മദ് ഖറാത്ത, മംദൂഹ് സ്വാലിഹ്, ഹസൻ ബൂഖമ്മാസ്, അഹ്മദ് അസ്സുലൂം, മഹ്മൂദ് ഫർദാൻ, സൈനൽ അബ്ദുൽ അമീർ, മുഹമ്മദ് അൽ റിഫാഇ, മുഹമ്മദ് അൽ മഅ്റഫി, അലി അദ്ദൂസരി, മുഹമ്മദ് അൽ ബലൂഷി, ലുലുവ അൽ റുമൈഹി, മുഹമ്മദ് അൽ ഹുസൈനി, ഹമദ് അൽദോയ്, മുഹമ്മദ് അൽ ഉലൈവി, ഹിഷാം അൽ ഇവദി, ഖാലിദ് ബൂ ഉനുഖ്, ഹിഷാം അൽ അഷീരി, അബ്ദുല്ല അദ്ദാഇൻ, അഹ്മദ് അൽ മുസല്ലം, മഹ്ദി അൽശുവൈഖ്, ജലാൽ കാദിം, വലീദ് അദ്ദൂസരി, ഹസൻ ഇബ്രാഹിം, മർയം അൽസാഇഗ്, അബ്ദുന്നബി സൽമാൻ, മുനീർ സുറൂർ, അബ്ദുൽ ഹകീം അൽ ശുനു, മുഹമ്മദ് അൽ അഹ്മദ്, ജമീൽ ദാദ് മുഹമ്മദ്, ബാസിമ മുബാറക്, ഹനാൻ ഫർദാൻ എന്നിവർ വിവിധ മണ്ഡലങ്ങളിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലുള്ള മന്ത്രിസഭയുടെ അവസാന സമ്മേളനം ഇന്ന് ചേരുകയും ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറുകയും ചെയ്യും. പുതിയ മന്ത്രിസഭയിൽ ചില മന്ത്രിമാരെ മാറ്റി നിയമിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. പുതുമുഖങ്ങളെയും സ്ത്രീകളെയുമടക്കം മന്ത്രിമാരായി നിയമിക്കുകയും ചെയ്തു. നാല് സ്ത്രീകളാണ് നിലവിലെ മന്ത്രിസഭയിലുള്ളത്.
നിലവിൽ പുതിയ മന്ത്രിസഭയിൽ യുവാക്കൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം 1973 മുതലുള്ള മന്ത്രിസഭയിലെ ഏറ്റവും വലിയ മാറ്റമാണ് ജൂണിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായ പശ്ചാത്തലത്തിൽ ശൂറ കൗൺസിൽ അംഗങ്ങളെ നിശ്ചയിച്ച് ഹമദ് രാജാവ് പുതിയ ഉത്തരവിറക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടിങ് നടന്നത് നേട്ടമായാണ് വിലയിരുത്തുന്നത്.