അത്തറുകൾക്ക് പേര് കേട്ട അറബ് നാട്ടിൽ പുതിയൊരു പെർഫ്യൂം സംരംഭം വിജയിപ്പിച്ചെടുക്കുക അസാധ്യം. എന്നാൽ ഹരിപ്പാടുകാരനായ ഷിബിയ്ക്ക് അത് നിഷ്പ്രയാസം സാധിച്ചു. ജോലി ചെയ്ത കമ്പനിയിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയായിരുന്നു ഷിബിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. തോൽക്കാൻ അനുവദിക്കാത്ത ആത്മവിശ്വാസവും. അങ്ങനെ 18 വർഷം മുൻപ് 1500 ദിർഹം ശമ്പളത്തിൽ ദുബായിലെ പ്രവാസ ജീവിതം തുടങ്ങിയ 28 കാരൻ ഒന്നര പതിറ്റാണ്ടിനിപ്പുറം ലോകമറിയുന്ന ബിസിനസ്സുകാരനായി. ഇന്ന് ലോകം മുഴുവൻ സുഗന്ധം പരത്തുന്ന പ്രശസ്ത പെർഫ്യൂം ബ്രാൻഡായ ”കോറൽ പെർഫ്യൂം’മിന്റെ ഉടമയാണ് ഈ മലയാളി.
ദുബായിലേക്ക് സന്ദർശക വിസയിൽ ജോലി തേടിയെത്തിയതായിരുന്നു ഷിബി. തുടർന്ന് പ്രോഡക്റ്റ് ടെവേലോപ്മെന്റ്റ് ഓഫീസറായി ജോലി ചെയ്തു. ജോലി ചെയ്തുകൊണ്ടിരുന്ന പെർഫ്യൂം കമ്പനി വളർന്നപ്പോൾ കമ്പനിയുടമ എല്ലാവർക്കും a ആക്സസ് കാർഡ് നൽകി. എന്നാൽ ഷിബിയ്ക്ക് അത് ലഭിച്ചില്ല. ഇതിലൂടെ ഫാക്ടറിയ്ക്ക് അകത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ മോശം അനുഭവം നേരിടേണ്ടി വന്ന ഷിബിയ്ക്ക് പിന്നീട് അവിടെ ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. അങ്ങനെ പണ്ട് മുതൽക്കേ മനസ്സിൽ കൊണ്ട് നടന്നിരുന്ന സ്വന്തം ബിസിനസ് സംരംഭം എന്ന സ്വപ്നം യഥാർഥ്യമാക്കാൻ അദ്ദേഹം തീരുമാനിച്ചു. ജോലി, കൃത്യമായ ശമ്പളം എന്ന സുരക്ഷിത ഇടം വിട്ട് സംരംഭം തുടങ്ങാൻ ഷിബി മുന്നിട്ടിറങ്ങി.
തുടക്കത്തിൽ പെർഫ്യൂം നിർമ്മാണവും ലോഡിങ്ങും വിൽപ്പനയുമെല്ലാം ഷിബി ഒറ്റയ്ക്ക് ചെയ്തു. അന്ന് വണ്ടിയോ വേണ്ടത്ര പണമോ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. എന്നാൽ ദൈവം കൂടെയുണ്ടായിരുന്നുവെന്ന് ഷിബി എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.നിലവിൽ ‘കോറൽ പെർഫ്യൂം’ ന് 14 ഷോറൂമുകളാണ് കോറലിനുള്ളത്.
” ഭക്ഷണം പോലെ തന്നെ മറ്റൊരാളുടെ ടേസ്റ്റിനെ മനസിലാക്കുകയും അതിനെ ഒരു പ്രോഡക്റ്റാക്കി അവരുടെ പക്കൽ എത്തിക്കുകയും ചെയ്യുന്നതാണ് പെർഫ്യൂം ബിസിനസ്സ്. ഏത് മതസ്ഥർക്കും, അവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള പെർഫ്യൂമുകൾ മാർക്കറ്റിൽ എത്തിക്കുക. അതാണ് കോറലിന്റെ വിജയ രഹസ്യം”-ഷിബി .
മുന്നിലെത്തുന്നവരുടെ ഇഷ്ടമനുസരിച്ച് സുഗന്ധം ഒരുക്കി നൽകുകയാണ് കടമ എന്ന് വിശ്വസിക്കുന്നയാളാണ് ഷിബി. അതുകൊണ്ട് തന്നെ കച്ചവടം കൊണ്ട് പണം ഉണ്ടാക്കുക മാത്രമല്ല, കിട്ടുന്ന ലാഭത്തിൽ നിന്നും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഒരു വിഹിതം മാറ്റി വയ്ക്കാനും അദ്ദേഹം മറക്കാറില്ല. അനുഭവ സമ്പത്തുണ്ടെങ്കിൽ ഏത് മേഖലയിലും തിളങ്ങാം എന്നാണ് പലരും പറയാറുള്ളത്. എന്നാൽ ഉന്നത വിദ്യാഭ്യാസമോ കുടുംബപരമായ ബിസിനസ് പശ്ചാത്തലമോ വൻകിട കമ്പനികളിലേത് പോലെ സാമ്പത്തിക -സാങ്കേതിക സഹകരണമോ ഇല്ലാതെ ഒറ്റയ്ക്ക് ബിസിനസ്സ് തുടങ്ങിയ ഷിബി ഇന്ന് ആർക്കും പ്രതീക്ഷിക്കാൻ പോലും പറ്റാത്ത ഉയരങ്ങളിലാണ്. ജിസിസി, യുഎസ്എ, യുകെ എന്നീ രാജ്യങ്ങൾക്ക് പുറമേ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലായി സുഗന്ധം പരത്തുകയാണ് ഷിബിയുടെ ‘കോറൽ ‘.
ഒന്നുമില്ലായ്മയിൽ നിന്ന് ‘പെർഫ്യൂം മാൻ ഓഫ് മിഡിൽ ഈസ്റ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ഷിബിയ്ക്ക് കീഴിൽ അഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള 250 ഓളം പേരാണ് ജോലി ചെയ്യുന്നത്. ഇനി ദുബായ് അൽ കൂസിലെ ഫാക്ടറിയിൽ നിന്നും കോറൽ പെർഫ്യൂമിന്റെ പ്രവർത്തനം യുകെയിലേക്കും ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. സാധാരണക്കാരനിൽ നിന്ന് തുടങ്ങി ലോകമറിയുന്ന ബ്രാൻഡായി മാറിയ ഈ മലയാളി പ്രതിസന്ധികളിൽ നിന്ന് പിന്തിരിഞ്ഞോടുന്നവർക്ക് ഒരു പാഠമാണ്.