തൃശ്ശൂർ: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. കാനഡയിലെ വീടിനുള്ളിലാണ് യുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാലക്കുടി കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിന്റെ ഭാര്യ ഡോണ(30) ആണ് മരിച്ചത്. ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഭർത്താവായ ലാൽ കെ. പൗലോസിനേയും കാണാതായതായും റിപ്പോർട്ടുണ്ട്.
വീട് പൂട്ടി കിടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ. ഒന്നരവർഷം മുൻപാണ് ലാലിന്റെയും ഡോണയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാർ കാനഡയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു വരുന്നു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.