ഡല്‍ഹിക്കടുത്ത് നോയിഡയില്‍ നിര്‍മിച്ച സൂപ്പര്‍ടെക് കമ്പനിയുടെ ഇരട്ട ടവർ പൊളിച്ചു നീക്കി. സെക്ടര്‍ 93എ-യിലെ അപെക്സ്, സിയാന് എന്നീ പേരുകളിലുള്ള ഇരട്ട ടവറാണ് പൊളിച്ചത്. 3700 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് നിയന്ത്രിത സ്ഫോടനം നടത്തിയിട്ടുള്ളത്.
കേരളത്തിലെ മരട് ഫ്ലാറ്റ് പൊളിച്ചു നീക്കിയ ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷനും മുംബൈയിലെ എഡിഫിസ് എഞ്ചിനീയറിംഗ് കമ്പനിയും ചേർന്നാണ് ഇരട്ട ടവറും പൊളിച്ചത്. 100 മീറ്ററിനേക്കാളും ഉയരമാണ് ഈ ടവറിനുള്ളത്. അതായത് കുത്തബ് മിനാറിനെക്കാളും ഉയരം. 900 ഫ്ലാറ്റുകളുണ്ട് ഈ ടവറിൽ .
കെട്ടിട നിയമത്തിൽ ഉൾപ്പെടുന്ന ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷനാണ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് 2014 ൽ ഇരട്ട ടവർ അനധികൃതമായി നിർമിച്ചതാണെന്ന് അലഹബാദ് ഹൈകോടതി കണ്ടെത്തി പൊളിച്ചു നീക്കാൻ ഉത്തരവിടുകയായിരുന്നു. 2021 ൽ വിധി സുപ്രീം കോടതി ശരിവച്ചു.