നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പിന് പകരം സൂപ്പർ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. അടുത്ത മാസം അവസാനത്തോടെ പുതിയ ആപ്പ് നിലവിൽ വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റെയിൽവേ യാത്രക്കാർക്കുള്ള വിവിധ സേവനങ്ങൾ ഒരുമിപ്പിച്ചു കൊണ്ടാണ് പുതിയ റെയിൽവേ ആപ്പ് വരുന്നത്. യാത്രക്കാർക്ക് പുതിയ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും സാധിക്കും. ട്രെയിനുകളുടെ യാത്രാസമയം പരിശോധിക്കാനും ലൈവ് ട്രാക്കിംഗ് നടത്താനും, ഭക്ഷണം ഓർഡർ ചെയ്യാനും പുതിയ ആപ്പിൽ സംവിധാനമുണ്ടാവും.
നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽ കണക്ട്, ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസി ഈ കാറ്ററിംഗ് ഫുഡ് ഓണ്‍ ട്രാക്ക്, പരാതികൾ അറിയിക്കാൻ റെയിൽ മഡാഡ്, ജനറൽ ക്ലാസ്സ് ടിക്കറ്റെടുക്കാൻ യുടിഎസ് ആപ്പ്, ട്രെയിനുകളുടെ ട്രാക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം ഫോർ ട്രെയിൻ ട്രാക്കിംഗ് ഇങ്ങനെ റെയിൽവേയുടെ പല സേവനങ്ങളും പല ആപ്പുകളിലും വെബ്സൈറ്റുകളിലുമാണുള്ളത്.