അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് അക്ഷതം കൈമാറി സംഘാടകര്‍. ഗണേഷ് കുമാറിന്റെ വാളകത്തെ വീട്ടില്‍ നേരിട്ടെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍ അക്ഷതം കൈമാറിയത്. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് അക്ഷതം പൂജിച്ച് വിതരണം ചെയ്തത്. ഇതിന്റെ ഭാഗമായാണ് കെ ബി ഗണേഷ് കുമാറിനും അക്ഷതം കൈമാറിയത്.
ഗണേഷ് കുമാറിന് പുറമെ കേരള കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന സമിതി അംഗം സി മോഹന്‍ പിള്ളയും അക്ഷതം ഏറ്റുവാങ്ങി. കെ ബി ഗണേഷ് കുമാര്‍ അക്ഷതം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഗണേഷ് കുമാറിന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെന്ന രീതിയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ക്ഷണമല്ല, അക്ഷതം കൈമാറുകയായിരുന്നുവെന്ന് സംഘടകര്‍ വ്യക്തമാക്കി.
അതേസമയം പ്രതിഷ്ഠാ ചടങ്ങിലേക്ക് സിനിമാ താരങ്ങളടക്കമുള്ളവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ് കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, മോഹന്‍ലാല്‍, ധനുഷ്, രജിനികാന്ത് തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ജനുവരി 22നാണ് പ്രതിഷ്ഠ ചടങ്ങ്. ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നതിന് രജിനികാന്ത് അയോധ്യയിലേക്ക് പുറപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.