ദുബായ്: പരമ്പരാഗത ചികിത്സാ രീതികളും മെഡിക്കൽ ടൂറിസവും കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്. സഹമന്ത്രി വി മുരളീധരൻ. ആയുഷിലൂടെ പരമ്പരാഗത ചികിത്സാ രീതികൾക്ക് കൂടുതൽ പ്രചാരം നൽകാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സജീവ ഇടപെലാണ് നടത്തിയിട്ടുള്ളത്. ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുവേദം, ഹോമിയോപ്പതി, യുനാനി തുടങ്ങിയ വൈദ്യശാസ്ത്ര ശാഖകളിലെ പ്രമുഖരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.ഗൾഫ് രാജ്യങ്ങളിലും ആഗോളതലത്തിലും ആയുഷിന്റെ പ്രചാരണാർത്ഥമാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന യുഎഇയുടെ സഹകരണത്തിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യ-യുഎഇ സഹകരണത്തിന്റെ സമഗ്ര സാധ്യതകളെ പറ്റി ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സംസാരിച്ചു. ദുബായ് വേൾഡ് ഡ്രേഡ് സെന്ററിൽ തിങ്ങി നിറഞ്ഞ ജനസദസിനെ സാക്ഷിയാക്കിയാണ് പരിപാടിയുടെ ആദ്യ ദിനം തുടങ്ങിയത്.ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ബിശ്വജിത്ത് കുമാർ സിംഗ്, സയൻസ് ഇന്ത്യ ഫോറം യുഎഇ പ്രസിഡന്റ് ഡോ.സതീഷ് കൃഷ്ണൻ,സയൻസ് ഇന്ത്യ ഫോറം രക്ഷാധികാരി സിദ്ധാർത്ഥ് ബാലചന്ദ്രൻ, ആയുഷ് ജനറൽ സെക്രട്ടറി ഡോ.ശ്യാം, ഡോ.വി.എല്‍ ശ്യാം, ജോസഫ് ക്ലെയിൻഡിയൻസ്റ്റ്, വിജ്ഞാന ഭാരതി പ്രസിഡന്റ് ഡോ. ശേഖർ സി മണ്ടേ, ഡോ. സുനിൽ അംബേദ്കർ, ഡോ മർവാൻ അൽ മുഅല്ല തുടങ്ങിയവര്‍ പങ്കെടുത്തു. സയന്‍സ് ഇന്ത്യാ ഫോറവും ആയുഷ് മന്ത്രാലയവും സംയുക്തമായാണ് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിക്കുന്നത്. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.