ഒൻപതാം വയസ്സിൽ വീട്ടുകാരറിയാതെ മലപ്പുറത്ത് നിന്നും നാടുവിട്ട് മൈസൂർക്ക് പോയ കുട്ടി ഇന്ന് 126 രാജ്യങ്ങളിൽ ബിസിനസ് സാന്നിധ്യമുള്ള കമ്പനിയുടെ ഉടമയായി മാറിയ കഥ… സിനിമയിൽ പോലും കണ്ടിട്ടില്ലാത്ത വിധം ട്വിസ്റ്റ് നിറഞ്ഞ ഈ കഥയിലെ പോളണ്ട് മൂസാഹാജി എന്ന മനുഷ്യൻ.
മൂന്ന് നേരം ഭക്ഷണം കിട്ടാതായതോടെയാണ് വയറുനിറയ്ക്കാനുള്ള വഴി തേടി മൂന്നാം ക്ലാസ്സിലെ പഠിപ്പ് നിർത്തി മൂസാഹാജി നാട് വിടുന്നത്. ഉമ്മയുടെ തുണിയുടെ തലപ്പത്ത് കെട്ടിവച്ച പൈസയും എടുത്തായിരുന്നു ആ നാടുവിട്ടോടം. ആദ്യം ചെന്നെത്തിയത് മൈസൂരിൽ. 75 പൈസ ദിവസക്കൂലിയിൽ ഹോട്ടലിൽ തൂപ്പുതൊഴിലാളിയായിട്ടായിരുന്നു മൂസാഹാജിയുടെ ജീവിതം ആരംഭിക്കുന്നത്. എത്രയോ കാലം കിടന്നുറങ്ങിയത് തെരുവുകളിലും റോഡുകളിലും. 18 വയസ്സ് തികയാൻ കാത്തുനിന്ന മൂസ 1977-ൽ മുംബൈയിൽ നിന്നും കപ്പൽ കേറി ദുബായിലെത്തി. അറബിയുടെ വീട്ടിൽ വേലക്കാരനായിട്ടായിരുന്നു ആദ്യത്തെ പണി. ശമ്പളം മാസം 150 ദിർഹം. പിന്നെ ജീവിക്കാനായി പല വേഷങ്ങൾ.. തുന്നൽക്കാരനായും ട്രക്ക് ഡ്രൈവറായും മണലാര്യണത്തിൽ പല തരം ജോലികൾ.
ജീവിതമൊന്നും ട്രാക്കിൽ കേറ്റാൻ നല്ലോണം ഞാൻ പണിയെടുത്തു, 20ഉം 22ഉം മണിക്കൂർ വരെ ജോലി ചെയ്ത ദിവസങ്ങളുണ്ട്. പെരുന്നാളോ ന്യൂയറോ ക്രിസ്മസോ ഒരാഘോഷമോ അവധിയോ ഇല്ലാത്ത ഒരുപാട് കൊല്ലം ഞാൻ അധ്വാനിച്ചു. കഠിനദ്ധ്വാനത്തിന് പതിയെ ഫലം കണ്ടു തുടങ്ങി. സുഹൃത്തുകളോടൊപ്പം 1987-ൽ സ്വന്തമായി ഒരു റെഡിമെയ്ഡ് സ്ഥാപനം ആരംഭിച്ചു. അതായിരുന്നു വഴിത്തിരിവ് – മൂസാഹാജി പറയുന്നു.
ഉത്സാഹവും കഠിനദ്ധ്വാനവും കൈമുതലായ മൂസ ഭൂപടത്തിൽ എവിടെയെന്ന് പോലും അറിയാത്ത പോളണ്ടിലേക്ക് പോയി. 1988-ലായിരുന്നു പോളണ്ടിലെ വ്യവസായം ആരംഭിക്കുന്നത്. മാഫിയകളിൽ നിന്നടക്കം ഭീഷണികൾ നേരിട്ടെങ്കിലും ചങ്കൂറ്റം പണയം വയ്ക്കാതെ മൂസയും മൂസയുടെ ബിസിനസും മുന്നേറി. ഒരു ഗ്ലാസ്സ് വെള്ളം പോലും തരാമോ എന്നു പോലും ഇംഗ്ലീഷിൽ ചോദിക്കാനറിയാതിരുന്ന മൂസയ്ക്ക് ഇന്ന് 15 ഭാഷകൾ വെള്ളം പോലെ അറിയാം.. 75 പൈസയ്ക്ക് ജോലിയെടുത്ത മൂസയ്ക്ക് കീഴിൽ പ്രതിമാസം 35 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാരുണ്ട്. ഫ്രാഗ്നൻസ് വേൾഡിൽ മാത്രം ജോലി ചെയ്യുന്ന പല ദേശത്തിൽ നിന്നുള്ള 1500-ലേറെ പേർ.
2004-ലാണ് ഫ്രാഗ്നനൻസ് വേൾഡ് എന്ന പേരിൽ പെർഫ്യൂ ബ്രാൻഡിന് മൂസാഹാജി തുടക്കമിടുന്നത്. ചുരുങ്ങിയ നാൾക്കുള്ളിൽ അതൊരു ലോകോത്തര ബ്രാൻഡായി മാറി. 126 രാജ്യങ്ങളിലായി നാലായിരത്തിലേറെ ബ്രാൻഡുകളുള്ള സംരംഭമായി ഫ്രാഗ്നനൻസ് വേൾഡ് വളർന്നു. സാധ്യതകളെ തിരിച്ചറിയുകയും അതിവേഗം പ്രവർത്തിക്കുകയും എന്നതാണ് ഒരു വ്യവസായി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ വിജയം.
ഭൂലോകം ചുറ്റുന്ന വ്യവസായിയായി മാറിയെങ്കിലും ഏറ്റവും പ്രിയപ്പെട്ട ഉമ്മ കൂടെയില്ല എന്നത് മൂസാഹാജിക്ക് ഒരു നൊമ്പരമായി അവശേഷിക്കുന്നു. ഉമ്മയായിരുന്നു എല്ലാം എന്നു പറയുമ്പോൾ പോലും ആ കണ്ണുകൾ നിറയും. ചുറ്റുമുള്ളവരെ നമ്മൾ സംരക്ഷിച്ചാൽ തലയ്ക്ക് മുകളിലുള്ളവൻ നമ്മളേയും സംരക്ഷിക്കും എന്ന ഉമ്മയുടെ വാക്കുകൾ മൂസാഹാജി ഇന്നും ഹൃദയത്തിൽ കൊണ്ടു നടക്കുന്നു. നാട്ടിൽ ജാതി-മത ഭേദമന്യേ അദ്ദേഹം സംരക്ഷിച്ചു നിർത്തുന്ന നിർധനരായ നൂറുകണക്കിന് മനുഷ്യർ ആ കാരുണ്യത്തിനും കരുതലിനും സാക്ഷ്യപത്രമായുണ്ട്.
Can you anyone financially help me immediately. Iam a very poor family. Please help me 🙏🏻