ലോക വനിതാ ദിനത്തിൽ 25 പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് സമ്മാനിച്ച് മലയാളികളായ പ്രവാസി ദമ്പതികൾ. കണ്ണൂർ സ്വദേശികളായ നിഷാദ് ഹുസൈനും ഹസീന നിഷാദുമാണ് 25 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങാകുന്നത്. “പെൺകുട്ടികളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ” എന്ന ആശയം ഉൾക്കൊണ്ടാണ് അൽമിറ എജ്യൂക്കേഷണൽ സ്കോളർഷിപ്പ്.
വേൾഡ് സ്റ്റാർ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ ആണ് ഹസീന നിഷാദ്. യുഎയിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവാസികളിൽനിന്നും ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാണ് ബിരുദ പഠനത്തിന് ഒരു ലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പ് നൽകിയത്.
നാല് പെൺകുട്ടികളുള്ള കുടുംബത്തിൽ നിന്നാണ് വന്നതെന്നും, ഉപ്പ നല്ല രീതിയിൽ വിദ്യാഭ്യാസം നൽകിയതുകൊണ്ടാണ് ഈ നിലയിൽ ജീവിക്കുന്നതെന്നും വേൾഡ് സ്റ്റാർ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് പറയുന്നു. പഠനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുപാട് പെൺകുട്ടികൾ കുടുംബ പശ്ചാത്തലം കാരണം ഉന്നത പഠനം ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കണമെന്ന ആശയമാണ് ഈ സ്കോളർഷിപ്പിലെത്തി നിന്നതെന്നും ഹസീന പറയുന്നു. 5000 അപേക്ഷകൾ വന്നതിൽ നിന്നും ഏറ്റവും യോഗ്യരായ 25 പേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
ഹസീന- നിഷാദ് ദമ്പതികളുടെ മൂന്നാമത്തെ മകൾ അൽമിറയുടെ പേരിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ് ദുബായ് ദെയ്റാ ക്രൗൺ പ്ലാസയിൽ നടന്ന ലളിതമായ ചടങ്ങിൽ വിതരണം ചെയ്തു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടമായ അയ്യായിരം പേർക്ക് തങ്ങളുടെ സ്ഥാപനമായ വേൾഡ് സ്റ്റാർ ഹോൾഡിങ്സിൽ ജോലി നൽകിയിരുന്നു.