ഫ്രഞ്ച് സൂപ്പർ താരവും നിലവിലെ ബാലന്‍ഡിയോര്‍ ജേതാവുമായ കരീം ബെന്‍സേമ ഖത്തർ ലോകകപ്പ് കളിക്കില്ല. ഇടത് തുടയിലുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറുന്നതെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. പരിശീലനത്തിനിടെ കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എംആർഐ സ്കാനിംഗിലാണ് തുടയ്ക്ക് പരിക്കുണ്ടെന്ന് കണ്ടെത്തിയത്.
ലോകകപ്പ് തുടങ്ങിയ ശേഷം ഇതാദ്യമായാണ് നിലവിലെ ബാലന്‍ഡിയോര്‍ ജേതാവ് ലോകകപ്പില്‍ മത്സരിക്കാതിരിക്കുന്നത്. വിവാദങ്ങൾക്കൊടുവിൽ ടീമില്‍ തിരിച്ചെത്തിയ ബെന്‍സേമ, ബാലന്‍ഡിയോര്‍ പുരസ്കാരത്തില്‍ തിളങ്ങി നില്‍ക്കുമ്പോളാണ് പരുക്കുകള്‍ കാരണം ടീമില്‍ നിന്നും പുറത്താകേണ്ടി വന്നത്. ഫ്രാന്‍സിന് ഇതിനകം തന്നെ കാന്റെ, കിമ്പപ്പെ, എങ്കുങ്കു, പോള്‍ പൊഗ്ബ തുടങ്ങിയ താരങ്ങളെ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണിപ്പാള് മുന്‍നിര താരമായ ബെന്‍സേമയും പുറത്തായിരിക്കുന്നത്. ഇത് ഫ്രാന്‍സിന് വൻ തിരിച്ചടിയാണ്. ബെന്‍സേമയ്ക്ക് പകരക്കാരനെ ടീം ഉടന്‍ തന്നെ പ്രഖ്യാപിക്കും.
‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു.