തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന മലയാളികൾക്ക് ഏപ്രിലിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കാലാവസ്ഥാ പ്രവചനം. ഈ മാസവും കാര്യമായ വേനൽമഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തൽ. സാധാരണയിൽ ലഭിക്കേണ്ടതിലും കുറവ് മഴയായിരിക്കും ഏപ്രിലിൽ ലഭിക്കുക. അതേസമയം കേരളത്തിൽ ഉയർന്ന താപനില സാധാരണയെക്കാൾ കൂടുതലാവാനും സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഏപ്രിൽ – ജൂൺ മാസങ്ങളിൽ ‘ഉഷ്ണതരംഗ ദിനങ്ങൾ’ കൂടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടുണ്ട്.
അതേസമയം ചൊവ്വാഴ്ച വൈകിട്ടോടെ തെക്കൻ ജില്ലകളിൽ കാര്യമായ മഴ എത്തിയത് ചൂടിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരജില്ലകളിലുണ്ടായ കടൽക്ഷോഭം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന ശാസ്ത്രീയ വിശദീകരണം.
തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ 2024 മാർച്ച് 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ഒരു ന്യുനമർദ്ദം രൂപപ്പെടുകയും, മാർച്ച് 25 ഓടെ ഈ ന്യുനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (11 മീ) വളരെ ഉയർന്ന തിരമാലകൾ സൃഷ്ടിക്കുകയും ,ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്യുകയുണ്ടായി.
കേരളതീരത്തും ലക്ഷദ്വീപിലും 2024 മാർച്ച് 31-ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണ് INCOIS അറിയിചിട്ടുള്ളത് . ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും സ്വെൽ സർജ് അലേർട്ട് 2024 ഏപ്രിൽ 02വരെ തുടരാനും സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 31-03-2024 ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം “കള്ളക്കടൽ”/swell surge ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) സ്ഥിരീകരിച്ചിട്ടുണ്ട്.
*കള്ളക്കടൽ /swell surge*എന്നത് ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി (Southern Indian Ocean) ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ “കള്ളക്കടൽ” എന്ന് വിളിക്കുന്നത്. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും/കയറാനും കാരണമാവുന്നു.