പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയുടെ സംസ്കാരം ഇന്ന് നടക്കും.
സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. അതേസമയം, തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയും സഹായം പൊലീസ് തേടി. ജലാശയങ്ങളിൽ പരിശോധന നടത്തും. പ്രതി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയത്.
5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തി.