മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്. ആത്മഹത്യ ചെയ്ത ശില്പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളാണ് തുടരെ കുടുംബങ്ങള്‍ക്ക് അയച്ച് ഭീഷണി തുടരുന്നത്. ഇന്ന് രാവിലെയും ബന്ധുക്കള്‍ക്ക് മോര്‍ഫ് ചെയ്ത തരത്തിലുള്ള ചിത്രങ്ങള്‍ വന്നതായി ആത്മഹത്യ ചെയ്ത നിജോയുടെ സഹോദരന് ടിജോ പറഞ്ഞു.
ആദ്യം സന്ദേശം മാത്രമാണ് വന്നത് പിന്നീട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നു ഇതോടൊയണ് കൂടുതല്‍ ഭീകരത മനസിലായത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുവെന്ന് സഹോദരന് പറഞ്ഞു.
കടമക്കുടിയിലെ സംഭവത്തില്‍ ഓണ്‍ലൈന്‍ വായ്പതട്ടിപ്പ് സംഘത്തിന്റെ ഉള്‍പ്പെടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും നിജോയും ഭാര്യ ശില്പയും തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലുള്ള ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണില്‍ എത്തി. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പുറമെ ചിത്രങ്ങള്‍ പ്രചരിക്കുക കൂടി ചെയ്തതോടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.